എറണാകുളം: കുസാറ്റിൽ നാലുപേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തെ അപലപിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. അത്യന്തം വേദനാജനകമാണെന്നും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ സർക്കാർ ഇടപെടൽ വേണമെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനോടൊപ്പമാണ് മുരളീധരൻ കളമശ്ശേരി ആശുപത്രിയിലെത്തിയത്. ‘ഇത്രയും ആൾ കൂടുന്നിടത്ത് ഒരു സുരക്ഷാ സംവിധാനങ്ങളും ഉണ്ടായിരുന്നില്ല. രണ്ട് മന്ത്രിമാരെ പറഞ്ഞയച്ച് എന്റെ പണി കഴിഞ്ഞു എന്ന സമീപനമാണ് മുഖ്യമന്ത്രിക്കുള്ളത്. ഒരു ആംബുലൻസ് പോലും സ്ഥലത്തില്ലായിരുന്നു. ഇതിന് ഉത്തരവാദി ആരാണ്…’
‘പോലീസിന്റെ അനുമതി തേടിയിരുന്നില്ല എന്ന് പറയുന്നത് ന്യായീകരണമല്ല. പാലിക്കേണ്ട നടപടി ക്രമം പാലിച്ചില്ല. സംഗീത നിശയ്‌ക്ക് അനുമതി വാങ്ങിയില്ലെന്ന് പറഞ്ഞ് പോലീസിന് ഇതിൽ നിന്ന് ഒഴിഞ്ഞ് മാറാൻ സാധിക്കില്ല. ഉത്തരവാദിത്വം ഉള്ളവർ ലാഘവത്തോടെയാണ് ഈ ദുരന്തത്തെ കാണുന്നത്. ഗുരുതര സംഘാടക പിഴവും സുരക്ഷാ വീഴ്ചയുമാണ് കുസാറ്റിലുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി നേരിട്ട് എത്തിയിരുന്നെങ്കിൽ ഗൗരവം ഉണ്ടായേനെ. സംഭവത്തിൽ സർവ്വകലാശാല അധിക്യതരോട് വിശദീകരണം തേടണം’ മുരളീധരൻ പറഞ്ഞു.















