ഊബറിൽ ഓട്ടോയും കാറും ബുക്ക് ചെയ്യുന്നതിന് പുറമെ ഇനി ബസുകളും എത്തുന്നു. ഇനി മുതൽ ബസും ബുക്ക് ചെയ്യാം. ഡൽഹിക്ക് പിന്നാലെ കൊൽക്കത്തയിലേക്കും ബസ് സർവീസ് ആരംഭിക്കുകയാണ് ഊബർ. കൊൽക്കത്തയിൽ തീരുമാനിച്ചിരിക്കുന്ന റൂട്ടുകളിൽ അടുത്ത വർഷം മാർച്ചോടെ 60 എയർകണ്ടീഷൻ ഊബർ ഷട്ടിൽ ബസുകളിറക്കും. 2025-ഓടെ പശ്ചിമ ബംഗാളിൽ 83 കോടി രൂപ നിക്ഷേപിക്കുമെന്നും വരുന്ന അഞ്ച് വർഷത്തിനുള്ളിൽ 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഊബർ വ്യക്തമാക്കി.
യാത്ര സേവനം ആസ്വദിക്കുന്നതിനായി ഉപയോക്താക്കൾക്ക് ഒരാഴ്ച മുമ്പ് സീറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. കൂടാതെ തത്സമയ ലൊക്കേഷനും റൂട്ടും ട്രാക്ക് ചെയ്യാനാകും. ഊബർ ആപ്പ് മുഖേനയായിരിക്കും ഇത് ലഭിക്കുക. ആപ്പിലൂടെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുന്ന സമയവും കാണാനാകും. ക്യാഷ്‌ലെസ് പെയ്‌മെന്റ് ഓപ്ഷനുകൾ, മുഴുവൻ സമയ സുരക്ഷാ സംവിധാനം, ദിവസവും രാവിലെ ആറ് മുതൽ രാത്രി 10 വരെ യാത്രാ സൗകര്യം എന്നീ സേവനങ്ങൾ ഊബർ ഉറപ്പ് നൽകുന്നുണ്ട്.
ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്‌ക്കുന്നതിനൊപ്പം തന്നെ കാർബൺ എമിഷനും ഇല്ലാതാക്കുക എന്ന ആഗോള സുസ്ഥിരത ലക്ഷ്യത്തിലെത്താൻ ഊബർ ഷട്ടിൽ ബസുകൾ സഹായകമാകുമെന്ന് ഊബർ വാഗ്ദാനം നൽകുന്നു. നിലവിൽ ഡൽഹിയിലാണ് ഊബർ ഷട്ടിൽ ബസുകൾ സർവീസ് നടത്തുന്നത്. വൈകാതെ മറ്റ് സംസ്ഥാനങ്ങളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.