തലച്ചോറിന്റെ ആരോഗ്യം കൃത്യമായി സംരക്ഷിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ദൈനംദിന ജീവിതത്തിൽ നാം ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളും തലച്ചോറിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. എന്നാൽ ചിലത് ശ്രദ്ധിക്കുകയാണെങ്കിൽ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും കൂടുതൽ മെച്ചപ്പെടുത്താനും സാധിക്കുന്നതായിരിക്കും. പച്ചക്കറികൾ, പഴങ്ങൾ, പരിപ്പ് വർഗങ്ങൾ, ഒലിവ് ഓയിൽ, നട്‌സുകൾ മുതലായവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു.
തലച്ചോറിന്റെ ആരോഗ്യ സംരക്ഷണത്തിന് ഇവ കൂടി ശ്രദ്ധിക്കുക
കൃത്യസമയത്ത് ഉറങ്ങുക
ഉറക്കമില്ലായ്മ മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കും. അതിനാൽ എല്ലാ ദിവസവും എഴ്, എട്ട് മണിക്കൂർ നിർബന്ധമായും ഉറങ്ങണം. പ്രായമായവർ രാത്രി വൈകി ഉറങ്ങുന്നത് പരമാവധി ഒഴിവാക്കണം.
പ്രഭാതഭക്ഷണം
തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണ് പ്രഭാതഭക്ഷണം. കൃത്യസയമത്ത് പ്രഭാതഭക്ഷണം കഴിക്കുന്നതിലൂടെ തലച്ചോറിനെ സംരക്ഷിക്കാൻ സാധിക്കും. പ്രഭാതഭക്ഷണം തുടർച്ചയായി ഒഴിവാക്കിയാൽ അത് തലച്ചോറിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ഇത് പല അസുഖങ്ങൾക്ക് വഴി വെയ്‌ക്കുകയും ചെയ്യുന്നു.
പഞ്ചസാരയുടെ ഉപയോഗം കുറയ്‌ക്കുക
പഞ്ചസാര അമിതമായി ഉപയോഗിക്കുന്നത് തലച്ചോറ് സംബന്ധ പ്രശനങ്ങൾക്ക് കാരണമാകാറുണ്ട്. അതിനാൽ പഞ്ചസാരയുടെ ഉപയോഗം ക്രമാതീതമായി കുറയ്‌ക്കേണ്ടത് അനിവാര്യമാണ്. ഉയർന്ന അളവിൽ പഞ്ചസാര ശരീരത്തിലെത്തുന്നത് പോഷകഗുണമുള്ള ഘടകങ്ങളെ സ്വീകരിക്കുന്നതിന് തടസമാകും. ഇത് തലച്ചോറിന്റെ വികസനത്തെ ദോഷകരമായി ബാധിക്കും.
ഭക്ഷണം ക്രമീകരിക്കുക
അമിതമായി ഭക്ഷണം കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നതിന് തടസമുണ്ടാക്കാറുണ്ട്. അതിനാൽ ഭക്ഷണം ക്രമീകരിക്കണം. ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുക. വലിച്ചുവാരി കഴിക്കുന്നത് ഒഴിവാക്കണം.
മത്സ്യം കഴിക്കുക
പതിവായി മത്സ്യം കഴിക്കുന്നത് ബുദ്ധി ശക്തിയും ചിന്താ ശേഷിയും വർദ്ധിപ്പിക്കും. കൂടാതെ ഓർമ്മശക്തി നിലനിർത്താനും ഇത് സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മറവിരോഗത്തിനുള്ള സാധ്യത കുറയ്‌ക്കാനും സഹായിക്കുന്നു.















