ടെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി ഇലോൺ മസ്‌ക്. ജൂതവിരുദ്ധ പ്രസ്താവനയെ അനുകൂലിച്ചതിന്റെ പേരിൽ മസ്‌കിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് നെതന്യാഹുവുമായി കൂടിക്കാഴ്ച നടക്കുന്നത്. ഇസ്രായേലി മാദ്ധ്യമങ്ങളും ഇരുവരുടേയും കൂടിക്കാഴ്ച സംബന്ധിച്ച് വാർത്തകൾ പുറത്ത് വിട്ടിട്ടുണ്ട്.
സെപ്തംബർ 18നാണ് മസ്‌കും നെതന്യാഹുവുമായി അവസാനമായി കൂടിക്കാഴ്ച നടന്നത്. എക്‌സിലെ ജൂത വിരുദ്ധ ഉള്ളടക്കങ്ങൾ സംബന്ധിച്ച് അന്നും ഇരുകൂട്ടരും ചർച്ച നടത്തിയിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റേയും, വിദ്വേഷ പരാമർശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും സംസാരിച്ചതായി ഇവർ വ്യക്തമാക്കിയിരുന്നു. എക്‌സ് ഒരിക്കലും വിദ്വേഷ പ്രസംഗങ്ങളോ പരാമർശങ്ങളോ പ്രോത്സാഹിപ്പിക്കില്ലെന്ന് മസ്‌ക് വ്യക്തമാക്കി. കാലിഫോർണിയയിൽ ടെസ്ല ഫാക്ടറിക്ക് സമീപമായിരുന്നു അന്നത്തെ കൂടിക്കാഴ്ച നടന്നത്.
ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് പിന്നാലെ എക്‌സിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ് മസ്‌ക് പിന്തുണച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ജൂതന്മാർ വെള്ളക്കാരോട് വിദ്വേഷം പുലർത്തുവെന്ന ഒരു പോസ്റ്റിനെ മസ്‌ക് അനുകൂലിച്ച് സംസാരിച്ചിരുന്നു. പിന്നാലെ പല രാജ്യങ്ങളും, എക്‌സിന് പരസ്യം നൽകുന്ന കമ്പനികളുമെല്ലാം ഈ നിലപാടിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.