ബന്ദിപ്പോര ; സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായി കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരേസ് സെക്‌ടറിൽ വൈദ്യുതി എത്തി . പാക് അതിർത്തിയോട് ചേർന്നുള്ള ഈ പ്രദേശത്ത് ഇതുവരെ ഡീസൽ ജനറേറ്ററുകൾ വഴിയാണ് വിളക്കുകൾ തെളിയിച്ചിരുന്നത് .
കശ്മീർ ഇലക്‌ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡ് ഇന്നലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഇക്കാര്യം പങ്ക് വച്ചു . ജമ്മു കശ്മീരിൽ വിളക്കുകൾ തെളിയിക്കാനും മറ്റും ജനറേറ്ററുകളെ ആശ്രയിക്കുന്ന ഏക പ്രദേശം ഗുരേസ് സെക്ടറായിരുന്നു.
ഈ ദിനം ചരിത്രപരമാണെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു. ശൈത്യകാലത്ത്, മഞ്ഞുവീഴ്ചയിൽ, മാസങ്ങളോളം ഗുരെസ് സെക്ടറിൽ വിളക്കുകൾ തെളിയുമായിരുന്നില്ല . അതുകൊണ്ട് തന്നെ ഇലക്ട്രിസിറ്റി വന്നതോടെ 1,500 കുടുംബങ്ങൾക്കാണ് പ്രയോജനം ലഭിച്ചത് .
ബന്ദിപ്പോര-ഗുരേസ് ട്രാൻസ്മിഷൻ ലൈൻ പദ്ധതിക്ക് കീഴിൽ പവർ ഗ്രിഡുമായി ബന്ധിപ്പിച്ചതിനെ ആളുകൾ നൃത്തം ചെയ്താണ് ആഘോഷിച്ചത് . ഒപ്പം 75 വർഷത്തിന് ശേഷം ആദ്യമായി പ്രദേശം മുഴുവൻ ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചു.
ശ്രീനഗറിൽ നിന്ന് 123 കിലോമീറ്ററും ബന്ദിപ്പോരയിൽ നിന്ന് 85 കിലോമീറ്ററും അകലെയുള്ള ഗുരേസ് ഒരു കാലത്ത് ഭീകരരുടെ നുഴഞ്ഞുകയറ്റ പാതയും , ഒളിത്താവളവുമായിരുന്നു .സർക്കാർ ഇവിടെ കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്, അതിനാൽ ഇത് ഇപ്പോൾ കശ്മീരിലെ വളരെ ജനപ്രിയമായ താഴ്‌വരയായി മാറിയിരിക്കുന്നു. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും ധാരാളം വിനോദസഞ്ചാരികൾ എല്ലാ വർഷവും ഇവിടെയെത്തുന്നു. 2021ൽ 4 ലക്ഷം വിനോദസഞ്ചാരികളാണ് ഇവിടെയെത്തിയത്