ലക്നൗ : പ്രവാചകനിന്ദ ആരോപിച്ച് കണ്ടക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി ലരേബ് ഹാഷ്മിയുടെ വീടും , കോഴി ഫാമും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കാൻ തീരുമാനം . പ്രയാഗ് രാജ് ഭരണകൂടം ഇതിനായുള്ള നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ .
ബുൾഡോസർ നടപടിയിലൂടെ ഇത്തരം ജിഹാദി ആക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകാനൊരുങ്ങുകയാണ് യോഗി സർക്കാർ. ലരേബ് ഹാഷ്മിയുടെ വീടും കോഴി ഫാമും ഒരേ ഭൂമിയിലാണ്. സർക്കാർ ജീവനക്കാരുടെ അനുമതി വാങ്ങാതെയാണ് ഈ നിർമാണം നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
വാസയോഗ്യമായ ഭൂമിയിൽ അനുമതിയില്ലാതെ കോഴി ഫാമും നിർമിച്ചിട്ടുണ്ട്. വീടും, കോഴി ഫാമും അനധികൃതമായി നിർമിച്ചതാണെന്നും ഇവ പൊളിക്കുന്നതിനുള്ള നോട്ടീസ് ഉടൻ നൽകുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
പ്രയാഗ്രാജിലെ ഹിരാഗഞ്ച് പ്രദേശത്താണ് ലരേബ് ഹാഷ്മിയുടെ വീടും കോഴി ഫാമും . വീടിന്റെയും കോഴി ഫാമിന്റെയും മൂല്യം കോടികൾ വരുമെന്നാണ് സൂചന. ചില ഭാഗങ്ങൾ കൈയേറിയതായും പരാതിയുണ്ട്. ലരേബ് ഹാഷ്മിയുടെ പിതാവ് യൂനുസ് ഹാഷ്മിയുടെ പേരിലാണ് വീടും കോഴി ഫാമും. ഫാമിലെ കത്തി ഉപയോഗിച്ചാണ് ലരേബ് കണ്ടക്ടറെ ആക്രമിച്ചത് .