തിരുവനന്തപുരം: മഹേന്ദ്ര സിംഗ് ധോണിയ്‌ക്ക് ശേഷം ഇന്ത്യക്കൊരു സൂപ്പർ ഫിനിഷറെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലെ റിങ്കു സിംഗിന്റെ തകർപ്പനടികൾ ആരാധകരുടെ മനസിലേക്കാണ് പതിഞ്ഞത്. കഴിഞ്ഞ ഐപിഎല്ലിൽ ഒരു ഓവറിൽ അഞ്ച് സിക്‌സടിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വിജയത്തിലെത്തിച്ച താരം ഇന്ത്യൻ ടീമിലും തന്റെ സ്ഥാനമുറപ്പിക്കുന്ന പ്രകടനമാണ് ഇപ്പോൾ കാഴ്ച വയ്‌ക്കുന്നത്.
ഇന്നലെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 9 പന്തിൽ നിന്ന് 31 റൺസാണ് പുറത്താകാതെ റിങ്കുവിന്റെ ബാറ്റിൽ നിന്ന് പിറന്നത്. 18-ാം ഓവറിലാണ് താരം ക്രീസിലെത്തിയത്. മത്സരം കാണാനെത്തിയ കാണികൾ റിങ്കുവിന് വേണ്ടി ബാനറും ഉയർത്തിയിരുന്നു. ഇതിന്റെ വിഡിയോ റിങ്കുവിന്റെ ഐപിഎൽ ക്ലബായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പങ്കുവെക്കുകയും ചെയ്തു.
അന്താരാഷ്‌ട്ര ടി20 കരിയറിൽ അവസാന രണ്ട് ഓവറുകളിൽ ബാറ്റ് ചെയ്ത് റിങ്കു ഇതുവരെ നേരിട്ടത് 28 പന്തുകൾ മാത്രമാണ്. അടിച്ചെടുത്തതാവട്ടെ 93 റൺസും. ഇതിൽ ഒരു തവമ മാത്രമാണ് താരത്തെ പുറത്താക്കാനായത്.















