അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ഹാർദ്ദിക് പാണ്ഡ്യയുടെ മുംബൈയിലേക്കുള്ള ചുവടുമാറ്റം. 2 വർഷങ്ങൾക്ക് ശേഷമാണ് മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഹാർദ്ദിക് മുൻ തട്ടകത്തിലേക്ക് മടങ്ങിയെത്തുന്നത്. നിലനിർത്തിയ താരങ്ങളുടെ പട്ടിക ഗുജറാത്ത് ടൈറ്റൻസ് പങ്കുവച്ചപ്പോൾ അതിൽ പാണ്ഡ്യയുടെ പേരും ഉണ്ടായിരുന്നു. എന്നാൽ താരം മുംബൈയിലേക്ക് മടങ്ങുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. മുംബൈ ജഴ്സിയിലുള്ള ഹാർദ്ദിക്കിന്റെ ചിത്രം ടീം സമൂഹമാദ്ധ്യമങ്ങൾ പോസ്റ്റ് ചെയ്തതോടെ ഊഹാപോകങ്ങൾക്ക് വിരാമമായി.
ഗുജറാത്ത് വിട്ട് മുംബൈയിലേക്കുള്ള മടങ്ങിവരവിൽ പ്രതികരണവുമായി ഹാർദ്ദിക് സമൂഹമാദ്ധ്യമങ്ങളിൽ രംഗത്തെത്തി. ഗുജറാത്ത് ടൈറ്റൻസിന്റെ ടീം മാനേജ്മെന്റിനും ആരാധകർക്കും നന്ദി. ടീമിന്റെ ഭാഗമായതും അതിനെ നയിക്കാൻ അവസരം ലഭിച്ചതും ഒരു ബഹുമതിയായാണ് ഞാൻ കാണുന്നത്. ഒരു വ്യക്തിയെന്ന നിലയിലും കളിക്കാരനെന്ന നിലയിലും എനിക്ക് നൽകിയ സ്നേഹത്തിന് നന്ദി. ടീമിനൊപ്പമുണ്ടായിരുന്ന ഓരോ നിമിഷങ്ങൾക്കും എന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമാണുള്ളത്. – താരം ട്വിറ്ററിൽ കുറിച്ചു.
ഒരുപാട് നല്ല ഓർമകൾ തിരികെയെത്തുന്നു. മുംബൈ, വാംഖഡെ…. തിരിച്ചുവരാനായതിൽ സന്തോഷം തോന്നുന്നു. മുംബൈയിലേക്കുള്ള തിരിച്ച് വരവിനെ താരം ഇങ്ങനെയാണ് വിശേഷിപ്പിച്ചത്. 2022 ലാണ് പാണ്ഡ്യ ഗുജറാത്തിനൊപ്പം ചേർന്നത്. ആ വർഷം ടീമിനെ കീരിടത്തിലെത്തിക്കാനും സാധിച്ചു. കഴിഞ്ഞ സീസണിൽ ഫൈനലിലെത്തിയെങ്കിലും ചെന്നൈ സൂപ്പർ കിംഗ്സിനോട് പരാജയപ്പെട്ടു.