ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇനി വെറും അഞ്ച് മീറ്റർ ദൂരം കൂടി കുഴിച്ചാൽ തൊഴിലാളികളുടെ സമീപമെത്താമെന്നാണ് ദൗത്യസംഘം അറിയിക്കുന്നത്. അവശിഷ്ടങ്ങൾക്കിടയിലൂടെ തുരന്ന് കുടുങ്ങിക്കിടക്കുന്നവരുടെ സമീപത്തേക്ക് പൈപ്പ് എത്തിക്കാനാണ് ശ്രമം. തുടർന്ന് പൈപ്പ് വഴി ഇവരെ പുറത്തെത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി റാറ്റ്-ഹോൾ ഖനനരീതിയിൽ അതിവിദഗ്ധരായ 12 അംഗ സംഘമാണ് നേതൃത്വം നൽകുന്നത്.
കുത്തനെ കുഴിക്കുന്ന മാനുവൽ ഡ്രില്ലിംഗ് രീതിയിലൂടെ തുരങ്കത്തിലേക്ക് എത്താനാണ് ശ്രമം. കഴിഞ്ഞ 17 ദിവസമായി തുരങ്കത്തിനുള്ളിൽ കിടക്കുന്നവരെ എത്രയും വേഗം പുറത്തെത്തിക്കാനുള്ള പരിശ്രമങ്ങൾക്ക് വലിയ മുതൽക്കൂട്ടാവുകയാണ് റാറ്റ്-ഹോൾ മൈനിംഗ് രീതി. എന്താണ് ഈ ഖനന രീതിയെന്നും എന്തുകൊണ്ടാണ് സിൽക്യാര ദുരന്തമുഖത്ത് ഇത് പ്രയോഗിച്ചതെന്നും അറിയാം..
രണ്ടാഴ്ചയ്‌ക്കിടെ വിവിധ രക്ഷാദൗത്യ ഏജൻസികൾ സിൽക്യാരയിൽ എത്തിയിരുന്നു. തിരശ്ചീനമായി ഡ്രില്ല് ചെയ്യുന്നതിനായി ഓഗർ മെഷീനാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ അവശിഷ്ടങ്ങൾക്കിടയിൽ മെഷീൻ കുടുങ്ങിയതോടെ രക്ഷാദൗത്യത്തിന് തിരിച്ചടിയായി. തുടർന്ന് ബദൽ മാർഗമെന്ന നിലയ്‌ക്ക് തുരങ്കത്തിന് മുകളിൽ നിന്ന് താഴേക്ക് കുഴിക്കാൻ തുടങ്ങി. ഇതിനായി റാറ്റ്-ഹോൾ മൈനിംഗ് രീതിയാണ് പ്രയോഗിച്ചത്.
ഏറെ വിവാദപരവും അപകടകരവുമായ രീതിയെന്നാണ് റാറ്റ്-ഹോൾ മൈനിംഗിനെ വിശേഷിപ്പിക്കാറുള്ളത്. ഒരുകാലത്ത് ആഴത്തിലുള്ള തുരങ്കങ്ങളിൽ നിന്നും ഇടുങ്ങിയ മാളങ്ങളിൽ നിന്നുമെല്ലാം കൽക്കരി വേർതിരിച്ചെടുക്കുന്നതിന് പ്രയോഗിച്ചിരുന്ന ഖനനരീതിയാണിത്. മേഘാലയ പോലെ പല സ്ഥലങ്ങളിലും വ്യാപകമായി ഉപയോഗിച്ച് വരുന്നു.
ഇടുങ്ങിയ രീതിയിൽ കുഴിച്ചുപോകുന്നതിനെയാണ് റാറ്റ്-ഹോൾ എന്ന് വിളിക്കുന്നത്. അതായത്, പരമാവധി ഒരാൾക്ക് നിരങ്ങി നീങ്ങാൻ കഴിയുന്ന വീതിയാണ് ഇതിനുണ്ടാവുക. കുഴിക്കൽ പൂർത്തിയായാൽ കയറുകൾ കെട്ടി താഴേക്ക് ഇറങ്ങുകയോ മുളയേണികൾ ഉപയോഗിച്ച് കുഴിയിലേക്ക് പോവുകയോ ആണ് ഖനനത്തൊഴിലാളികൾ പൊതുവെ ചെയ്യുന്നത്. ഇത്തരത്തിൽ ഇടുങ്ങിയ ദ്വാരം വഴി അവർ താഴേക്ക് എത്തുന്നു. ശേഷം അവിടെയിരുന്ന് കൽക്കരി വേർതിരിക്കും. തൊഴിലാളികളുടെ കൈവശം കൽക്കരി ശേഖരിക്കാൻ ബാസ്‌കറ്റുകളോ, പിക്കാസോ, മൺവെട്ടിയോ ഉണ്ടാകും.
സുരക്ഷാ സംവിധാനങ്ങൾ കുറവാണെന്നതിനാലാണ് ഈ രീതി പൊതുവെ നിർദ്ദേശിക്കപ്പെടാത്തത്. റാറ്റ്-ഹോൾ മൈനിംഗ് പ്രകാരം കുഴിയിടെ അടിത്തട്ടിലെത്തുന്ന ഖനനത്തൊഴിലാളിക്ക് മതിയായ വെന്റിലേഷൻ സൗകര്യമോ സേഫ്റ്റി ഗിയറോ ലഭ്യമാകണമെന്നില്ല. അതുകൊണ്ട് തന്നെ ഈ ഖനനരീതി 2014ൽ ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിക്കുകയും ചെയ്തു. എന്നാൽ ശാസ്ത്രീയ ഖനനരീതി അവലംബിച്ചുകൊണ്ട് റാറ്റ്-ഹോൾ മൈനിംഗ് നടത്താമെന്ന് സുപ്രീംകോടതി 2019ൽ അറിയിച്ചു. മേഘാലയക്ക് മാത്രമാണ് ഇതിനുള്ള അനുമതിയുള്ളത്.
നിലവിൽ സിൽക്യാര ദുരന്തമേഘലയിൽ വിന്യസിച്ചിരിക്കുന്ന ദൗത്യ സംഘം റാറ്റ്-ഹോൾ മൈനിംഗ് ആണ് പ്രയോഗിക്കുന്നത്. 12 അംഗ വിദഗ്ധരെ 2-3 പേരടങ്ങുന്ന സംഘങ്ങളായി തിരിച്ച് ഇടുങ്ങിയ വഴികളിലൂടെ കടത്തിവിടും. ഇവർ തൊഴിലാളികൾക്കരികിലെത്തി രക്ഷാദൗത്യം പൂർത്തിയാക്കും. സിൽക്യാരയിൽ ദൗത്യത്തിന് നേതൃത്വം നൽകുന്നവർ റാറ്റ്-ഹോൾ ഖനിത്തൊഴിലാളികളല്ല, മറിച്ച് ആ രീതി പ്രയോഗിക്കുന്നതിൽ വിദഗ്ധ പാണ്ഡിത്യമുള്ളവരാണെന്ന് സർക്കാർ നോഡൽ ഓഫീസർ നീരജ് ഖൈർവാൽ അറിയിച്ചു. പലവിധ ദൗത്യശ്രമങ്ങൾ നടത്തിയതിനൊടുവിൽ നിലവിലെ സാഹചര്യത്തിൽ ഏറ്റവും പ്രായോഗികം റാറ്റ്-ഹോൾ മൈനിംഗ് ആണെന്ന വിലയിരുത്തലിലാണ് അധികൃതർ. കുടുങ്ങിക്കിടക്കുന്ന 41 പേരെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ കഴിയുമെന്ന വിശ്വാസത്തിലും ഉറച്ച പ്രതീക്ഷയിലുമാണ് ദൗത്യ സംഘം.