ലോകകപ്പിലെ ഇന്ത്യയുടെ തോൽവിയ്ക്ക് കാരണം ആരാധകരാണെന്ന് മുൻ പാക് താരം വസീം അക്രം. ടൂർണമെന്റിന്റെ ഫൈനലിന് മുമ്പ് തന്നെ ആരാധകർ രോഹിത്തിനെയും സംഘത്തെയും വിജയികളാക്കി പ്രഖ്യാപിച്ചു. സമൂഹമാദ്ധ്യമങ്ങളും ഇന്ത്യയിലെ ടെലിവിഷൻ ചാനലുകളും അതിന് പിന്തുണ നൽകികൊണ്ടേയിരുന്നു. ഇത് ആളുകളിൽ ലോകകീരിടം നേടുമെന്ന പ്രതീക്ഷ വർദ്ധിപ്പിച്ചെന്നും ആരാധകർ തങ്ങളുടെ തെറ്റ് അംഗീകരിക്കണമെന്നും വസീം അക്രം പറഞ്ഞു.
‘ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും ഇന്ത്യ സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഒരു രാജ്യമെന്ന നിലയിൽ ഫൈനലിലെ തോൽവി മറികടക്കാൻ വളരെയധികം ബുദ്ധിമുട്ടാണെന്ന കാര്യം എനിക്ക് മനസിലാകും. ടെലിവിഷൻ ചാനലുകൾ, സമൂഹമാദ്ധ്യമങ്ങൾ, ആരാധകർ എല്ലാവരും കൂടി ഫൈനലിന് മുമ്പേ ഇന്ത്യയെ ലോകകപ്പ് ജേതാക്കളാക്കി. ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെ ആളുകൾക്ക് മുന്നിൽ ഇന്ത്യ ജയിച്ചെന്ന് വരുത്തി തീർത്തതിൽ നിങ്ങൾക്കുള്ള പങ്ക് വലുതാണ്. നിങ്ങളുടെ ഭാഗത്തും തെറ്റുണ്ട്, അത് അംഗീകരിക്കാൻ തയ്യാറാക്കണം.’-വസീം അക്രം പറഞ്ഞു.
‘ ലോകകപ്പിലെ തോൽവി നിങ്ങളുടെ മാത്രം തെറ്റല്ല. മികച്ച പ്രകടനം ഉടനീളം പുറത്തെടുത്താലും ഒറ്റ ദിവസത്തെ പ്രകടനത്തിനായിരിക്കും ഏറ്റവും പ്രാധാന്യം. ക്രെഡിറ്റ് ഓസ്ട്രേലിയയ്‌ക്കാണ്’- അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഇന്നിംഗ്‌സിന്റെ മധ്യ ഓവറുകളിൽ ഓസ്‌ട്രേലിയ നടപ്പിലാക്കിയ തന്ത്രങ്ങളാണ് ഫൈനലിൽ നിർണായകമായതെന്നും വസീം അക്രം ചൂണ്ടിക്കാട്ടി. ഏകദിന ലോകകപ്പിലെ തോൽവി മറന്ന് ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിന് വേണ്ടി ടീമിനെ ആത്മാർത്ഥമായി പിന്തുണയ്‌ക്കണമെന്നും അദ്ദേഹം ഇന്ത്യൻ ആരാധകരോട് അഭ്യർത്ഥിച്ചു.