റിയാദ്: ഫൗളിന് ലഭിച്ച പെനാൽറ്റി വേണ്ടെന്ന് പറഞ്ഞ് ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോ. ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ഇറാൻ ക്ലബ്ബായ പെർസ്പോളിസിനെതിരായ മത്സരത്തിന്റെ രണ്ടാം മിനിറ്റിലായിരുന്നു സംഭവം. റിയാദിലെ അൽ അവാൽ പാർക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. റൊണോയുടെ സ്‌പോർട്‌സ് മാൻ സ്പിരിറ്റാണ് മത്സരം സമനിലയിൽ കലാശിക്കാൻ കാരണം.
പെർസ്‌പോളീസ് താരത്തിന്റെ ഫൗളിൽ റൊണോ താഴെ വീണു. റൊണോ താഴെ വീണതോടെ അൽ നസറിലെ താരങ്ങൾ റഫറിയോട് പെനാൽറ്റിക്കായി വാദിച്ചു. റഫറി ഉടൻ തന്നെ പെനാൽറ്റി അനുവദിച്ചു. എന്നാൽ ഇതിനെതിരെ എതിർ ടീം അപ്പീൽ ചെയ്‌തെങ്കിലും റഫറി തീരുമാനത്തിൽ ഉറച്ചുനിന്നു. എന്നാൽ കളിക്കളത്തിൽ നിന്ന് എണീറ്റ റൊണോ റഫറിയോട് സംഭവിച്ചത് ഫൗളല്ലെന്നും പെനാൽറ്റി വേണ്ടെന്നും ആവശ്യപ്പെടുകയായിരുന്നു. പിന്നീട് വാർ പരിശോധനയ്‌ക്ക് ശേഷം റഫറി പെനാൽറ്റി പിൻവലിച്ചു. പെർസ്‌പോളീസിന്റെ താരങ്ങളും റൊണോയുടെ ഈ സത്യസന്ധതയെ അഭിനന്ദിച്ചു.















