ന്യൂഡൽഹി: മ്യൂണിച്ചിൽ നിന്ന് ബാങ്കോക്കിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം ഡൽഹിയിലേക്ക് വഴിതിരിച്ചുവിട്ടു. യാത്രക്കാർ അപമര്യാദയായി പെരുമാറിയതോടെയാണ് അടിയന്തര നടപടിയുണ്ടായത്. ദമ്പതികൾ തമ്മിലുള്ള തർക്കമായിരുന്നു സംഭവത്തിലേക്ക് നയിച്ചതെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു.
ഭാര്യയും ഭർത്താവും തമ്മിൽ തർക്കം ഉടലെടുക്കാനുള്ള കാരണം അജ്ഞാതമാണ്. എങ്കിലും ഇരുവരും കയ്യേറ്റം ചെയ്തതിനെ തുടർന്ന് വിമാനം വഴിതിരിച്ചുവിടേണ്ടി വന്നുവെന്നും അടിയന്തരമായി നിലത്തിറക്കിയെന്നും ഡൽഹി വിമാനത്താവളത്തിലെ ഏവിയേഷൻ സെക്യൂരിറ്റി അറിയിച്ചു.
ആദ്യം പാകിസ്താനിലെ ഏതെങ്കിലും വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്താനായിരുന്നു ശ്രമം. ഇതിനായി അനുമതി തേടിയെങ്കിലും പാക് അധികൃതർ സഹകരിച്ചില്ല. തുടർന്നാണ് ഇന്ത്യയിലേക്ക് വഴിതിരിച്ചുവിടുകയും ഡൽഹിയിൽ ലാൻഡിംഗ് നടത്തുകയും ചെയ്തതെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. അപമര്യാദയായി പെരുമാറിയ യാത്രക്കാരെ പോലീസിന് കൈമാറി. സംഭവവുമായി ബന്ധപ്പെട്ട് ലുഫ്താൻസ എയർ ഔദ്യോഗിക പ്രസ്താവന വൈകാതെ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.