കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വ്യാജ പ്രചരണം നടത്തിയതിന് ഡിവൈഎഫ്ഐയ്ക്കെതിരെ പരാതി. വനിതാ നേതാവ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു എന്ന് കാണിച്ചാണ് ഡിജിപിയിക്ക് യൂത്ത് കോൺഗ്രസാണ് പരാതി നൽകിയത്. ഡിവൈഎഫ്ഐ വനിതാ നേതാവ് ദൃക്സാക്ഷി എന്ന മട്ടിൽ പ്രതികരിച്ച വിവരങ്ങൾ അന്വേഷണത്തെ വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നതെന്നാണ് പരാതി.
കുട്ടിയെ കണ്ടെത്തുന്നതിന് തൊട്ടുമുൻപ് ആശ്രാമത്തെ ഇൻകം ടാക്സ് ഓഫിസേഴ്സ് ക്വാർട്ടേഴ്സിനു മുന്നിൽ രണ്ട് യുവാക്കൾ പ്രശ്നമുണ്ടാക്കിയിരുന്നു. അവർ കുട്ടിയെ തട്ടിക്കൊണ്ടുപോയവരാണെന്ന് സംശയമുള്ളതായുമാണ് വനിതാ നേതാവ് പറഞ്ഞത്. യുവാക്കളെത്തിയ കാറിന്റെ നമ്പറും നേതാവ് പറഞ്ഞിരുന്നു. എന്നാൽ ഇതെല്ലാം വാർത്തയിൽ നിറയാൻ വേണ്ടി ഡിവൈഎഫ്ഐ നടത്തിയ ആസൂത്രിത നീക്കമാണിതെന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നു.
അതേസമയം കുട്ടിയെ തട്ടിക്കൊണ്ട് പോയി മൂന്ന് ദിവസം കഴിയുമ്പോഴും പോലീസിന് പ്രതികളെ പിടികൂടാനായിട്ടില്ല. പ്രതികളെ കുറിച്ചും വാഹനത്തെ കുറിച്ചും വ്യക്തമായ വിവരങ്ങൾ ഇല്ല. കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് ശേഷം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചതടക്കം നാടകീയമായ കാര്യങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.
സംഭവം നടന്ന ദിവസവും അതിന് മുൻപും പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയെങ്കിലും ഇതിനെ കേസിലെ നിർണ്ണായക വിവരങ്ങളായി കണക്കാക്കാൻ സാധിക്കില്ല. ഒന്നിലധികം രേഖാ ചിത്രങ്ങൾ നിർമ്മിച്ചെങ്കിലും ഫലം നിരാശ മാത്രം. കുറ്റവാളികളിലേക്ക് നയിക്കുന്ന ഒന്നും തന്നെ പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.