മരുഭൂമിയിൽ നിന്നും കടൽ കടന്ന് എത്തുന്ന ഈന്തപ്പഴങ്ങൾ നമ്മിൽ പലർക്കും ഇഷ്ടമാണ്. ധാരാളം വിറ്റാമിനുകളും,ധാതുക്കളും ഫൈബറുകളും, ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുള്ള ഈന്തപ്പഴങ്ങൾ ശരീരത്തിന് വളരെയധികം ഗുണങ്ങളാണ് നൽകുന്നത്. പലർക്കും ഇവ വെറുതെ കഴിക്കാനും ജ്യൂസുകൾക്കൊപ്പം ചേർത്ത് കഴിക്കാനുമൊക്കെയാണ് ഇഷ്ടം. എന്നാൽ ഈന്തപ്പഴം കുതിർത്ത് കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്. അറിയാം..
ഊർജ്ജം വർദ്ധിപ്പിക്കുന്നു
നാരുകളാൽ സമ്പന്നമായ ഈന്തപ്പഴം കുതിർത്തി വച്ച ശേഷം കഴിക്കുന്നത് ദിവസം മുഴുവനും ഊർജ്ജസ്വലതയോടെയിരിക്കാൻ സഹായിക്കുന്നു. വ്യായാമത്തിന് മുമ്പ് ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്.
എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
ഈന്തപ്പഴത്തിൽ കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ നിരവധി വിറ്റാമിനുകൾ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ എല്ലുകൾക്ക് ബലമേകാൻ ഇവ സഹായിക്കുന്നു.
ദഹനത്തിനും തലച്ചോറിന്റെ പ്രവർത്തനങ്ങൾക്കും
വിറ്റാമിൻ ബി 6, മഗ്നീഷ്യം തുടങ്ങിയ ധാരാളം വിറ്റാമിനുകളാൽ സമ്പുഷ്ടമാണ് ഈന്തപ്പഴം. ഇവ വെള്ളത്തിൽ കുതിർത്ത ശേഷം കഴിക്കുന്നത് സമ്മർദ്ദം കുറച്ച് തലച്ചോറിന്റെ പ്രവർത്തനങ്ങൾ കൃത്യമാക്കാൻ സഹായിക്കുന്നു. ദഹനപ്രശ്‌നങ്ങൾ അകറ്റി ശരീരത്തിന് ഉണർവ് നൽകാനും ഈന്തപ്പഴം സഹായിക്കുന്നു. ഇതിനു പുറമെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് ഹൃദയാരോഗ്യം നിലനിർത്താനും ഉത്തമമാണ് ഈന്തപ്പഴം.
ആരോഗ്യം വർദ്ധിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് ഈന്തപ്പഴങ്ങളെങ്കിലും ഇവ അമിതമായി കഴിക്കാതെ ശ്രദ്ധിക്കണം. നിശ്ചിത അളവിൽ ദിവസവും കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. എന്നാൽ അമിതമായാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാൻ കാരണമാവും.