ലക്നൗ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി തുടരുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐയുമായി യാതൊരുവിധ കരാറുകളിലും ഒപ്പിട്ടിട്ടില്ലെന്ന് രാഹുൽ ദ്രാവിഡ്. കഴിഞ്ഞ ദിവസമാണ് രാഹുൽ ദ്രാവിഡിന്റെയും ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ, ബൗളിംഗ് കോച്ച് പരസ് മാംബ്രെ, ഫീൽഡിംഗ് കോച്ച് ടി. ദിലീപ് എന്നിവരുടെയും കരാർ നീട്ടിയതായി ബിസിസിഐ അറിയിച്ചത്. ടി20 ലോകകപ്പ് മുന്നിൽ കണ്ടാണ് ദ്രാവിഡിന്റെയും സപ്പോർട്ടിംഗ് സ്റ്റാഫിന്റെയും ഏകദിന ലോകകപ്പ് വരെയുണ്ടായിരുന്ന കരാർ വീണ്ടും നീട്ടി നൽകിയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച രാഹുൽ ദ്രാവിഡിന്റെ പ്രതികരണമാണ് ഇപ്പോൾ അനിശ്ചിതത്വത്തിന് വഴിവച്ചിരിക്കുന്നത്.
ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട പേപ്പറുകൾ എനിക്ക് ഇതുവരെയും ലഭിച്ചിട്ടില്ലാത്തതിനാൽ ഇതുവരെയും ഒരുപേപ്പറിലും ഞാൻ ഒപ്പ് വച്ചിട്ടില്ല. പേപ്പറുകൾ ലഭിച്ചതിന് ശേഷം, ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയതിന് ശേഷം കരാറിൽ ഒപ്പുവയ്‌ക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20, ഏകദിന, ടെസ്റ്റ് പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാൻ ബിസിസിഐ ചെയർമാൻ അജിത് അഗാർക്കറിനൊപ്പം ഡൽഹിയിലെത്തിയപ്പോൾ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദ്രാവിഡ് മുഖ്യപരിശീലകനായി തുടരുമെങ്കിലും ബോർഡ് പ്രഖ്യാപിച്ച പുതിയ കരാർ എത്രകാലത്തേക്കെന്ന് വ്യക്തമല്ല. 2024 ലെ ടി20 ലോകകപ്പ് വരെ ദ്രാവിഡ് തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാഹുലിന് കീഴിലാണ് ഇന്ത്യ ഏഷ്യാ കപ്പ് കിരീടവും ബോർഡർ ഗവാസ്‌കർ ട്രോഫിയും നേടിയത്.