കോഴിക്കോട്: ആലപ്പുഴയിൽ നിന്ന് ഇന്ന് ഡൽഹിയിലേക്ക് പുറപ്പെടുന്ന പ്രത്യേക ട്രെയിനിൽ (06085) റിസർവേഷൻ ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിക്ക് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പാലക്കാട് വഴി ഞായറാഴ്ച അർദ്ധരാത്രിയോടെയാകും ഡൽഹി റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ചേരുക. എസി ത്രി ടയർ കോച്ചുകൾ മാത്രമുള്ള ഈ ട്രെയിനിൽ തത്കാൽ നിരക്കാണ് ഈടാക്കുക.
സംസ്ഥാനത്തെ ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ റെയിൽവേ ആരംഭിച്ചിട്ടുണ്ട്. വരും വർഷത്തോടെ എറണാകുളം – തിരുവനന്തപുരം പാതയിൽ ട്രെയിനുകളുടെ വേഗത 110 കിലോമീറ്ററാക്കി ഉയർത്തും. ഇതിനായി 54 ചെറുവളവുകളാണ് നിവർത്തുക. ഇതിന് പുറമേ സിഗ്നലുകളുടെ നവീകരണം, പാലങ്ങൾ ബലപ്പെടുത്തൽ എന്നിവയും പൂർത്തിയാക്കിയാണ് ട്രെയിനുകളുടെ വേഗത ഉയർത്തുക.
ട്രാക്കുകൾ നവീകരിക്കുന്നതിന്റെ ഭാഗമായി ഛത്തീസ്ഗഡിലെ ഭിലായ് സ്റ്റീൽ പ്ലാന്റിൽ നിന്നുള്ള റെയിൽ പാളങ്ങൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ കൊച്ചുവേളി മുതൽ പേട്ട വരെ പുരോഗമിക്കുകയാണ്. 52 ഗേജുള്ള ഇരുമ്പ് പാളങ്ങൾ കൊണ്ടാണ് നിലവിലെ ട്രാക്ക് നിർമ്മിച്ചിരിക്കുന്നത്. ഉയർന്ന വേഗത കൈവരിക്കനായി 50 മീറ്റർ നീളമുള്ളതും 60 ഗേജുള്ളതുമായ ഇരുമ്പ് പാളമാണ് പുതിയതായി എത്തിച്ചത്. ചെന്നൈയിലെ ശാന്താ കൺസ്ട്രക്ഷൻസ് എന്ന കമ്പനിയാണ് പാളങ്ങൾ മാറ്റുന്നതിന്റെ കരാർ ഏറ്റെടുത്തിട്ടുള്ളത്.















