മലപ്പുറം: നവകേരള സദസിൽ പരാതി നൽകാനെത്തിയ യൂട്യൂബറെ സിപിഎം പ്രവർത്തകർ മർദ്ദിച്ചതായി പരാതി. മാസ്റ്റർ പീസ് എന്ന യൂട്യൂബ് ചാനൽ നടത്തുന്ന കുഴിമണ്ണ സ്വദേശി മുഹമ്മദ് നിസാറിനെയാണ് സിപിഎം പ്രവർത്തകർ മർദ്ദിച്ചത്. കെട്ടിട പെർമിറ്റ് ഫീസ് വർദ്ധിപ്പിച്ചതിനെതിരെ നിവേദനം നൽകാനെത്തിയതിനാണ് യുവാവിനെ കൈയ്യേറ്റം ചെയ്തത്.
മാസ്റ്റർപീസ് എന്ന യൂട്യൂബ് ചാനലിലൂടെ നിസാർ കെട്ടിട പെർമിറ്റ് ഫീസ് വർദ്ധിപ്പിച്ചെതിനെതിരെ വീഡിയോകൾ ചെയ്തിരുന്നു. അരീക്കോടിൽ നവകേരള സദസ് എത്തുമ്പോൾ പരാതിയുമായി സമീപിക്കുമെന്നും നിസാർ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പ്രകോപനമാണ് കയ്യേറ്റത്തിന് കാരണമെന്ന് യുവാവിന്റെ പരാതിയിൽ പറയുന്നു. മർദ്ദിച്ചതിനു പുറമെ യുവാവിൽ നിന്നും ഫോൺ തട്ടിപ്പറിച്ചതായും പരാതിയിൽ പറയുന്നുണ്ട്.















