ദക്ഷിണാഫ്രിക്കൻ പര്യടനത്തിന്റെ ഭാഗമായുള്ള മൂന്ന് ഏകദിന മത്സരങ്ങളിലേക്ക് തിരഞ്ഞെടുത്ത സായ് സുദർശനെ പ്രശംസിച്ച് ഇന്ത്യൻ താരം രവിചന്ദ്ര അശ്വിൻ. എക്‌സിലൂടെയാണ് താരം സന്തോഷം പ്രകടിപ്പിച്ചത്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനം നടത്തിയതോടെയാണ് അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് സായിക്ക് വഴിതെളിഞ്ഞത്. തമിഴ്‌നാട് സ്വദേശിയായ സായ് നിലവിൽ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ താരമാണ്.
സായ്, നിന്നെ ഓർത്ത് അത്ഭുതം തോന്നുന്നു. മികച്ച പ്രകടനം പുറത്തെടുത്ത നീ ഏകദിന ടീമിന്റെ ഭാഗമായതിൽ അതിയായ സന്തോഷം. സെലക്ടർമാരുടേത് മികച്ച തീരുമാനമാണ്. – അശ്വിൻ പറഞ്ഞു.
തന്റെ അരങ്ങേറ്റ സീസണിൽ 5 മത്സരങ്ങളിൽ നിന്ന് 145 റൺസ് നേടിയ സായ് കഴിഞ്ഞ സീസണിൽ ഗുജറാത്തിന് വേണ്ടി 507 റൺസാണ് നേടിയത്. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ ഫൈനലിൽ 94 റൺസാണ് സായ് സ്വന്തമാക്കിയത്. തമിഴ്‌നാടിന്റെ ഓൾ ഫോർമാറ്റ് താരമായ സായ് വിജയ് ഹസാരെ ട്രോഫിയിൽ ഉൾപ്പെടെ മികച്ച പ്രകടനമാണ് കാഴ്ചവയ്‌ക്കുന്നത്. ദുലീപ് ട്രോഫി, ദിയോധർ ട്രോഫി, ഇറാനി കപ്പ് എന്നിവയിലും താരം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
ശ്രീലങ്കയിൽ നടന്ന എമർജിംഗ് നേഷൻസിനായുള്ള ഏഷ്യാ കപ്പിൽ ഇന്ത്യ എ ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് സായിക്ക് മേൽ സെലക്ടർമാരുടെ കണ്ണ് പതിഞ്ഞത്. പാകിസ്താൻ എ ടീമിന് എതിരായ മത്സരത്തിൽ അന്ന് സായ് സെഞ്ച്വറി നേടിയിരുന്നു. വിരാട് കോലി, രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവർക്ക് വിശ്രമം അനുവദിച്ചതോടെയാണ് യുവതാരങ്ങൾ ദക്ഷിണാഫ്രിക്കക്കെതിരായ ടീമിന്റെ ഭാഗമായത്. സായിക്ക് പുറമെ സഞ്ജു സാംസൺ, രജത് പട്ടീദാർ, റിങ്കു സിംഗ് തുടങ്ങിയ ബാറ്റർമാരും ഏകദിന ടീമിലുണ്ട്.