ഉപയോക്താക്കളുടെ ഡിജിറ്റൽ പെയ്‌മെന്റ് സംവിധാനം കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി റൂപേ ക്രെഡിറ്റ് കാർഡുകൾ യുപിഐ ഇടപാടുകളുമായി സംയോജിപ്പിക്കാനൊരുങ്ങി ഐസിഐസിഐ ബാങ്ക്. ഇതോടെ ഐസിഐസിഐ ബാങ്ക് ഉപയോക്താക്കൾക്ക് അവരുടെ റൂപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയിലേക്ക് ലിങ്ക് ചെയ്യാനാകും. ലിങ്ക് ചെയ്യുന്നതോടെ ഓൺലൈൻ-ഓഫ്‌ലൈൻ മുഖേനയുള്ള ഇടപാടുകൾ സുഗമമാക്കാനണ് ബാങ്ക് ലക്ഷ്യം വെക്കുന്നത്.
ഷോപ്പിംഗ്, ബിൽ പെയ്‌മെന്റുകൾ, പോയിന്റ് ഓഫ് സെയിൽ മെഷീനുകൾ മുഖേനയുള്ള പെയ്‌മെന്റുകൾ എന്നിങ്ങനെയുള്ള ഇടപാടുകൾ അനായാസം ചെയ്യാൻ ഇത് സഹായിക്കും. ഐസിഐസിഐ ബാങ്ക്, നാഷണൽ പെയ്‌മെന്റ് കോർപ്പറേഷനുമായി സഹകരിച്ചാണ് റൂപേ ക്രെഡിറ്റ് കാർഡുകളിൽ യുപിഐ ഇടപാടുകൾ സുഗമമാക്കുന്നത്. ഇതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ഐസിഐസിഐ ബാങ്ക് കോറൽ റുപേ ക്രെഡിറ്റ് കാർഡ്, ഐസിഐസിഐ ബാങ്ക് എച്ച്പിസിഎൽ സൂപ്പർ സേവർ റുപേ ക്രെഡിറ്റ് കാർഡ്, ഐസിഐസിഐ ബാങ്ക് റൂബിക്‌സ് റുപേ ക്രെഡിറ്റ് കാർഡ് എന്നിവ ഇടപാടുകൾക്കായി യുപിഐയിലേക്ക് ലിങ്ക് ചെയ്യാനാകും.
ഉപയോക്താക്കൾക്ക് മർച്ചന്റ് ക്യൂആർ കോഡ് സ്‌കാൻ ചെയ്യുന്നതിനും ഐ മൊബൈൽ ആപ്പ് ഉൾപ്പെടെ ഏത് യുപിഐ പെയ്‌മെന്റ് ആപ്പ് ഉപയോഗിച്ചും പെയ്‌മെന്റുകൾ നടത്തുന്നതിനും സാധിക്കും.















