ന്യൂഡൽഹി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്രായേൽ-ഹമാസ് സംഘർഷത്തെ കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. കോപ്28 ലോക കാലാവസ്ഥാ ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രധാനമന്ത്രി തന്നെയാണ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്ത് വിട്ടത്.
ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ മികച്ചതാക്കാനും സുസ്ഥിരമാക്കാനും ലക്ഷ്യമിട്ടുള്ള വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്തുവെന്നും, തന്റെ സഹോദരനായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംവദിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷവാനാണെന്നും പ്രധാനമന്ത്രി കുറിച്ചു. യുഎഇ പ്രസിഡന്റിന്റെ ആതിഥേയത്വത്തിന് നന്ദി അറിയിച്ച പ്രധാനമന്ത്രി, അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ച ഏറെ ഫലപ്രദമായിരുന്നുവെന്നും വ്യക്തമാക്കി.
കോപ്28 വിജയകരമായി സംഘടിപ്പിച്ചതിന് യുഎഇ പ്രസിഡന്റിനെ പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ഇരുനേതാക്കളും അവലോകനം ചെയ്തുവെന്നും, ഇസ്രായേൽ-ഹമാസ് സംഘർഷത്തെ കുറിച്ച് ചർച്ചകൾ നടത്തിയതായും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ജനുവരിയിൽ ഗാന്ധിനഗറിൽ നടക്കാനിരിക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രധാനമന്ത്രി ക്ഷണിച്ചതായും വിദേശകാര്യ മന്ത്രാലയം പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.
തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ, സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ബാർബഡോസ് പ്രധാനമന്ത്രി മിയ അമോർ മോട്ടിലി, ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലി, സ്വിസ് കോൺഫെഡറേഷൻ പ്രസിഡന്റ് അലിൻ ബെർസെറ്റ് എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.















