ദുബായ്: കോപ്28 യുഎൻ കാലാവസ്ഥാ ഉച്ചകോടിയില്‍ നിന്നുള്ള നിർണായക നിമിഷങ്ങൾ കോർത്തിണക്കിയുള്ള വീഡിയോ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയൊരു ഭൂമിക്ക് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു കൊണ്ടാണ് അദ്ദേഹം ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. ” നന്ദി ദുബായ്. കോപ്28 ഏറെ ഫലപ്രദമായി നടത്തിയ ഉച്ചകോടിയാണ്. ഒരു മികച്ച ഭൂമിക്ക് വേണ്ടി നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാം” പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
ആഗോള നേതാക്കളുമായി നടത്തിയ ആശയവിനിമയം, ഉഭയകക്ഷി വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ കൂടിക്കാഴ്ചകൾ, കാലാവസ്ഥാ വ്യതിയാനുമായി ബന്ധപ്പെട്ട് എല്ലാ രാജ്യങ്ങളും നടത്തിയ പ്രസംഗങ്ങൾ തുടങ്ങിയവയെല്ലാം ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി വിവിധ ലോക നേതാക്കളുമായി സംസാരിക്കുന്നതും, അവരുമായി അടുത്ത് ഇടപഴകുന്നതുമെല്ലാം വീഡിയോയിൽ കാണാം.
ചാൾസ് മൂന്നാമൻ രാജാവുമായി പ്രധാനമന്ത്രി ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി അക്ഷീണം പ്രയത്‌നിക്കുന്ന വ്യക്തിയാണ് ചാൾസ് മൂന്നാമനെന്നും, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിലെ പ്രധാന ശബ്ദമാണ് അദ്ദേഹത്തിന്റേതെന്നും പ്രധാനമന്ത്രി പറഞ്ഞു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ദുബായ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ഇന്നലെ രാത്രിയാണ് ഡൽഹിയിൽ മടങ്ങിയെത്തിയത്.















