നാഗ്പൂർ: എഐ സാങ്കേതിക വിദ്യയുടെ വളർച്ച മനുഷ്യരാശിയുടെ പുരോഗതിക്ക് ഏറെ സഹായകരമാണെങ്കിലും ഡീപ് ഫേക്കുകൾ മൂലമുണ്ടാകുന്ന പ്രതിസന്ധികൾ സമൂഹത്തിന് ഭീഷണിയാണെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നത് സമൂഹത്തിനൊന്നാകെ ഭീഷണിയാണെന്ന് രാഷ്‌ട്രപതി വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലെയുള്ള സാങ്കേതിക വിദ്യകൾ നേരായ മാർഗത്തിൽ ഉപയോഗിക്കുകയാണെങ്കിൽ ഇത് സമൂഹത്തിന് ഉപകാരപ്രദമാകുമെന്നും ദ്രൗപതി മുർമു ചൂണ്ടിക്കാട്ടി.
രാഷ്‌ട്രസന്ത് തുക്കാഡോജി മഹാരാജ് നാഗ്പൂർ സർവ്വകലാശാലയുടെ 111-ാമത് ബിരുദാനന്തര ചടങ്ങിൽ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു പെൺകുട്ടിയെ വിദ്യാഭ്യാസത്തിലൂടെ പുരോഗതിയിൽ എത്തിക്കുമ്പോൾ രാജ്യത്തിന്റെ വളർച്ചയാണ് കാണാനാകുകയെന്നും മൂല്യമേറിയ നിക്ഷേപമാണിതെന്നും രാഷ്‌ട്രപതി പറഞ്ഞു. ബിരുദധാരികളിൽ പകുതിയിലേറെയും പെൺകുട്ടികളെ കാണാൻ സാധിച്ചപ്പോഴാണ് രാഷ്‌ട്രപതി ഇക്കാര്യം സൂചിപ്പിച്ചത്.
ഇന്ന് രാജ്യത്തെ പൗരന്മാരെല്ലാം തന്നെ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നവരാണ്. ഏതൊരു കാര്യത്തിനും രണ്ട് വശങ്ങളുള്ളത് പോലെ സാങ്കേതിക വിദ്യയും നല്ല രീതിയിൽ ഉപയോഗിക്കാനും ദുരുപയോഗം ചെയ്യാനും സാധിക്കും. നേരായ മാർഗത്തിലൂടെയാണ് സഞ്ചരിക്കുന്നത് എങ്കിൽ ഇത് സമൂഹത്തിനും രാജ്യത്തിനും ഉപകാരപ്രദമാണ്. എന്നാൽ ദുരുപയോഗം ചെയ്യുകയാണെങ്കിൽ ഇവ മനുഷ്യരാശിയെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാം. എഐ സാങ്കേതിക വിദ്യയുടെ വരവോടെ മിക്ക കാര്യങ്ങളും ഇന്ന് അനായാസം ചെയ്ത് തീർക്കാനാകുന്നു. ഇതിനൊപ്പം തന്നെ ഡീപ് ഫേക്കുകളുടെ സാധ്യതയും ചിലർ മുതലെടുക്കുകയാണ്. ഇക്കാര്യത്തിൽ ധാർമ്മിക-മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ പരിഹാരം കാണാനാകുമെന്നും രാഷ്‌ട്രപതി പറഞ്ഞു.