വിറ്റാമിനുകൾ എപ്പോഴും മികച്ച ആരോഗ്യം നൽകുന്നവയാണ്. അതിലൊന്നാണ് വിറ്റാമിൻ സി. ചർമ്മം, പല്ല്, എല്ലുകൾ എന്നിവയ്‌ക്കെല്ലാം ഉത്തമമാണ് വിറ്റാമിൻ സി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ. എന്നാൽ നമ്മൾ പലപ്പോഴും ശരീരത്തിൽ ഇതിന്റെ അഭാവം ശ്രദ്ധിക്കാറില്ല. ഒരു വ്യക്തിക്ക് ആവശ്യമുള്ള വിറ്റമിൻ സി ഭക്ഷണത്തിലൂടെ ലഭിക്കാതെ വരുമ്പോഴാണ് വിറ്റാമിൻ സിയുടെ കുറവ് അനുഭവപ്പെടുക.
ആരോഗ്യകരമായ ചർമ്മം, പല്ല്, എല്ലുകളുടെ ബലം എന്നിവയ്‌ക്ക് ആവശ്യമായ കൊളാജൻ നിർമ്മിക്കാൻ സഹായിക്കുന്ന ആവശ്യ പോഷകമാണ് വിറ്റാമിൻ സി. കൂടാതെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് സഹായകമാണ്. ഭക്ഷണക്രമത്തിൽ വരുന്ന വ്യത്യാസം, പച്ചക്കറികൾ പഴങ്ങൾ എന്നിവയുടെ കുറഞ്ഞ ഉപയോഗം എന്നിവയെല്ലാം വിറ്റാമിൻ സിയുടെ അളവ് കുറയുന്നതിന് കാരണമാവും. കൂടാതെ ദഹനസംബന്ധമായ പ്രശ്‌നം ഉള്ളവർ, സ്ഥിരമായി മദ്യപിക്കുന്നവർ എന്നിവരിലും വിറ്റാമിൻ സിയുടെ കുറവ് ഉണ്ടാകാം.
വിറ്റാമിൻ സിയുടെ അഭാവത്തിന്റെ ഏറ്റവും സാധാരണമായി കാണുന്ന ലക്ഷണം സ്‌കർവി ആണ്. ക്ഷീണം, സന്ധി വേദന, ത്വക്ക് രോഗം, മോണരോഗം, മുറിവ് ഉണങ്ങൽ, മോണയിൽ രക്തസ്രാവം എന്നിവ പ്രകടമാകുന്ന ഒരു അവസ്ഥയാണ് സ്‌കർവി. വിശപ്പ് കുറയൽ, കാഴ്ച കുറവ്, വരണ്ട ചർമ്മം, വിഷാദം, പേശികളുടെ ബലക്കുറവ് എന്നിവയും വിറ്റാമിൻ സിയുടെ അഭാവം മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ്. ചില സമയങ്ങളിൽ വിളർച്ചക്കും അണുബാധക്കുമുള്ള സാഹചര്യം വരെ ഉണ്ടാകാം.
വിറ്റാമിൻ സിയുടെ കുറവ് വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ കഴിയും. ദിവസവും ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നതാണ് അതിനുള്ള ഏറ്റവും നല്ല മാർഗം. ഓറഞ്ച്, മുന്തിരി, കിവി, സ്‌ട്രോബെറി തുടങ്ങിയ പഴങ്ങളിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇലക്കറികളിലും, ഉരുളക്കിഴങ്ങ്, കുരുമുളക്, ബ്രൊക്കോളി, തക്കാളി, കടല തുടങ്ങിയവയിലും വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. വിദഗ്ദരുടെ നിർദ്ദേശമനുസരിച്ച് വിറ്റാമിൻ സി സപ്ലിമെന്റുകളും ഉപയോഗിക്കാം.















