ഡിസംബർ 19ന് ദുബായിൽ നടക്കുന്ന ഐപിഎൽ താരലേലത്തിന് രജിസ്റ്റർ ചെയ്തത് 1166 താരങ്ങൾ. നവംബർ 30ന് താരലേലത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ അവസാനിച്ചിരുന്നു. ലേലത്തിന് രജിസ്റ്റർ ചെയ്തിരിക്കുന്നവരിൽ 830 പേർ ഇന്ത്യക്കാരും 336 പേർ വിദേശ താരങ്ങളുമാണ്. എന്നാൽ 77 താരങ്ങളെ മാത്രമാണ് 10 ടീമുകൾക്കും കൂടി വാങ്ങാൻ സാധിക്കുക. ഇതിൽ 30 പേർ വിദേശികളായിരിക്കണം. ലേലത്തിനായി ചിലവാക്കാൻ കഴിയുന്ന തുക 262.95 കോടി രൂപയാണ്.
2023 ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ തോൽവിയ്‌ക്ക് കാരണമായ ഓസ്‌ട്രേലിയൻ താരങ്ങളായ ട്രാവിസ് ഹെഡ്, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് എന്നിവർ ലേലത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിന് പുറമെ ലോകകപ്പിൽ മിന്നും പ്രകടനം പുറത്തെടുത്ത ന്യൂസിലൻഡിന്റെ യുവതാരം രചിൻ രവീന്ദ്രയും ലേലത്തിനുണ്ട്. ട്രാവിസ് ഹെഡിന്റെ അടിസ്ഥാന വില 2 കോടി രൂപയാണെങ്കിൽ 50 ലക്ഷം രൂപയാണ് രചിന്റെ അടിസ്ഥാന വില. രചിനും ഹെഡിനും വേണ്ടി ലേലത്തിൽ മത്സരം നടക്കുമെന്ന് ഉറപ്പാണ്.
ലോകകപ്പിലെ 10 മത്സരങ്ങളിൽ നിന്ന് 64.22 ശരാശരിയിൽ 578 റൺസാണ് രചിന്റെ പേരിലുള്ളത്. ലോകകപ്പിലെ റൺവേട്ടക്കാരിൽ നാലാമതാണ് താരം. ഹെഡ്‌സാകട്ടെ ലോകകപ്പിലെ 6 മത്സരങ്ങളിൽ നിന്ന് 329 റൺസാണ് നേടിയത്. ഇന്ത്യയിലെ പിച്ചുകളിൽ മികച്ച രീതിയിൽ റൺസ് നേടാൻ കഴിയുന്നതാണ് ഇരുവരുടെയും കരുത്ത്. പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് ഉൾപ്പെടെ ലോകകപ്പിന്റെ ഭാഗമായ ഓസീസ് താരങ്ങളുടെ അടിസ്ഥാന വില 2 കോടി രൂപയാണ്.















