അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമായതിനാൽ തന്നെ പഴങ്ങൾ ശരീരത്തിന് ഏറെ ഗുണകരമാണ്. പഴ വർഗ്ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ചർമ്മത്തിനുൾപ്പെടെ ഏറെ ഗുണകരമാണ്. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും മറ്റ് പോഷകങ്ങളും ശരീരത്തെ പൂർണ ആരോഗ്യത്തോടെ നിലനിർത്താൻ ഉപകാരപ്രദമാണ്. ശരിയായ ആരോഗ്യത്തിന് പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടെ സസ്യാഹാരങ്ങളും മാംസാഹാരങ്ങളുമെല്ലാം ഏറെ ഗുണകരമാണ്. ഇവയിൽ ചർമ്മസംരക്ഷണത്തിന് പഴവർഗ്ഗങ്ങൾ ഏറെ ഉപകാരപ്രദമാണ്. ഇതിനാൽ തന്നെ മറ്റ് ആഹാരങ്ങളെല്ലാം ഉപേക്ഷിച്ച് 72 മണിക്കൂർ പഴങ്ങൾ മാത്രം കഴിക്കുകയാണെങ്കിലോ? ശരീരത്തിന് എന്ത് സംഭവിക്കും എന്നത് സംബന്ധിച്ച് പലർക്കും ധാരണയുണ്ടാകില്ല. സമീകൃതവും പോഷകവും നിറഞ്ഞ ഭക്ഷണക്രമം ശരീരത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
തടി കുറയ്‌ക്കാൻ ഉൾപ്പെടെ ആഗ്രഹിക്കുന്നവർ വിഷാംശം ഉൾപ്പെടാത്ത ആഹാരം കഴിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ പഴങ്ങൾ ഉപയോഗിച്ച് ഡയറ്റ് സ്വീകരിച്ചാൽ വയറും ക്ഷീണവും കുറക്കാൻ സഹായിച്ചേക്കാം എന്ന ധാരണ പലർക്കുമുണ്ടാകാം. ഉദാഹരണത്തിന് പഴങ്ങൾ മാത്രം ഭക്ഷിച്ച് 72 മണിക്കൂർ കഴിഞ്ഞു എന്ന് കരുതുക. ഫ്രൂട്ടേറിയൻ ഡയറ്റ് എന്നാണ് ഇതറിയപ്പെടുന്നത്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പഴവർഗ്ഗങ്ങൾ ഉപയോഗിച്ചുള്ള ഡയറ്റാണിത്.
പഴ വർഗ്ഗങ്ങൾ കഴിക്കാനാരംഭിച്ച് 12 മണിക്കൂറുകൾക്ക് ശേഷം മെച്ചപ്പെട്ട ദഹനം അനുഭവിക്കാനാകും. പഴങ്ങളിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ദഹിപ്പിക്കുന്നതിനും ആഗിരണം ചെയ്യുന്നതിനും, ഇതിലെ നാരുകൾ വയറുവേദന ഉൾപ്പെടെ കുറയ്‌ക്കുന്നതിനും സഹായിക്കുന്നു. ശേഷമുള്ള 24 മണിക്കൂറിന് ശേഷം ശരീരത്തിനുള്ളിലെ ചീത്ത കൊഴുപ്പ് ഇല്ലാതാക്കാനും ആരംഭിക്കും. ഇതോടെ സംഭരിച്ചിരിക്കുന്ന കൊഴുപ്പുകൾ ഊർജ്ജ സ്രോതസ്സായി ഉപയോഗിക്കാൻ തുടങ്ങും. 72 മണിക്കൂറിലേക്കെത്തുമ്പോൾ ഇത്തരത്തിൽ ശരീരത്തിലെ അനാവശ്യ ഘടകങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നു.
എന്നാൽ 72 മണിക്കൂർ ഡയറ്റ് സ്വീകരിച്ചാൽ ഗുണവും ദോഷവും ഉണ്ട്. പഴങ്ങളിൽ ധാരാളമായി വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തുന്നതിനും ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. കൂടാതെ പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ജലാംശം ശരീരത്തിലെ ജലത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
എന്നാൽ ചില പ്രശ്‌നങ്ങളും ഇത് കൊണ്ട് നേരിട്ടേക്കാം. ഉപജീവനമാർഗ്ഗത്തിന് പഴങ്ങളെ മാത്രം ആശ്രയിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാം. പഴങ്ങൾ മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ പ്രോട്ടീൻ, കൊഴുപ്പ്, ചില വിറ്റാമിനുകൾ, ധാതുക്കൾ എന്നിങ്ങനെയുള്ള അവശ്യ പോഷകങ്ങൾ ശരീരത്തിലെത്തില്ല. പേശികളുടെ ആരോഗ്യ പരിപാലനത്തിന് പ്രോട്ടീൻ നിർണായകമാണ്. ഹോർമോൺ ഉൽപ്പാദനം ഉൾപ്പെടെ വിവിധ ശാരീരിക പ്രവർത്തനങ്ങൾക്ക് കൊഴുപ്പ് അത്യന്താപേക്ഷിതമാണെന്നതിനാലും ഇത് പ്രതികൂലമായി ബാധിച്ചേക്കാം.
പഴങ്ങളിൽ വലിയ തോതിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. പഴങ്ങൾ മാത്രം ഉൾപ്പെടുത്തിയുള്ള ഭക്ഷണരീതി രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമായേക്കാം. കൂടാതെ തുടക്കത്തിൽ ചിലർക്ക് ശരീരഭാരം കുറയുമെങ്കിലും പഴങ്ങളിൽ അടങ്ങിയിരിക്കുന്ന സ്വാഭാവിക പഞ്ചസാര ശരീരഭാരം വർദ്ധിപ്പിക്കാൻ കാരണമായേക്കും. പ്രമേഹം, വൃക്ക തകരാർ എന്നിവ ഉള്ള വ്യക്തികൾ ഈ ഡയറ്റ് സ്വീകരിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവെച്ചേക്കാം. കൂടാതെ പഴങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അംശം പല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത ഏറെയാണ്.ഇത് പല്ലിന്റെ ഇനാമലിനെ പ്രതികൂലമായി ബാധിച്ചേക്കാം.