ആരോഗ്യപരമായ പല ഘടകങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് വെളുത്തുള്ളി. പല രോഗങ്ങൾക്കുമുള്ള മരുന്നായും അതിനെ ഉപയോഗിക്കാറുണ്ട്. അത് മാത്രമല്ല ഒട്ടുമിക്ക ഭക്ഷണ പദാർത്ഥങ്ങളിലും വെളുത്തുള്ളി ഉപയോഗിക്കുന്നവരാണ് ഏറെയും. എന്നാൽ വെളുത്തുള്ളിക്കും ചില പാർശ്വഫലങ്ങൾ ഉണ്ട്.
വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള ഫ്രക്ടൻസ് ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണമാവും. വെളുത്തുള്ളി അമിതമായി ഉപയോഗിക്കുന്നവരിൽ അസിഡിറ്റി, വയർ വീർക്കൽ തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന മറ്റൊരു പദാർത്ഥമാണ് അലിസിൻ. വെളുത്തുള്ളി കഴിക്കുമ്പോൾ ഇത് മെറ്റബോളീസികരിക്കപ്പടുകയും രക്തത്തിൽ കലരുകയും ചെയ്യും. ഇത് വായ്‌നാറ്റത്തിന് കാരണമാവും.
വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള സൾഫർ ചർമ്മത്തെ അസ്വസ്ഥമാക്കുന്നതിന് കാരണമാവും. ചില ആളുകൾ വെളുത്തുള്ളി നേരിട്ട് ചർമ്മത്തിൽ തേക്കാറുണ്ട്. ഇത് ചുവന്ന പാടുകൾ ഉണ്ടാകുന്നതിനും കാരണമാവും. രക്തസ്രാവത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിൽ വെളുത്തുള്ളി വഹിക്കുന്ന പങ്ക് ചെറുതല്ല. രക്തവുമായി ബന്ധപ്പെട്ട രോഗങ്ങൾ ഉള്ളവർ കഴിവതും വെളുത്തുള്ളിയുടെ ഉപയോഗം ഉപേക്ഷിക്കാൻ ശ്രമിക്കുക.
ചിലർക്കെങ്കിലും വെളുത്തുള്ളിയുടെ ഉപയോഗം അലർജി ഉണ്ടാക്കിയേക്കാം. ചർമ്മത്തിൽ ചുവന്ന പാടുകൾ, നീര്, ശ്വാസിക്കാനുള്ള ബുദ്ധിമുണ്ട് എന്നിവയെല്ലാം അനുഭവപ്പെടാനുള്ള സാധ്യത വലുതാണ്. ഇത്തരത്തിൽ ഉണ്ടായാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടേണ്ടതാണ്. ക്യാൻസർ, എച്ച്‌ഐവി, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ വെളുത്തുള്ളിയുടെ ഉപയോഗം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിലുള്ള മരുന്നുകളോട് റിയാക്റ്റ് ചെയ്യാൻ വെളുത്തുള്ളിക്കാവും.അതിനാൽ രക്തസ്രാവം പോലുള്ള പ്രശ്‌നങ്ങൾക്ക് അത് കാരണമാവും.
ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും വെളുത്തുള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. എന്നാൽ അമിതമായ ഉപയോഗം ദോഷകരമായേക്കാം. ഗർഭിണികളിൽ അസിഡിറ്റി ഉണ്ടാക്കുവാനും മുലയൂട്ടുന്ന അമ്മമാർക്ക് പാല് കുറയുന്നതിനും ഇത് കാരണമാവും. അതിനാൽ വെളുത്തുള്ളിയുടെ ഉപയോഗം കുറയ്‌ക്കുന്നത് നല്ലതാണ്.