പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ആരാധകർക്ക് സൂപ്പർ സൺഡേ. ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ് സി – എഫ് സി ഗോവ മത്സരം ഇന്ന് രാത്രി ഏട്ട് മണിക്ക് ഫറ്റോർഡ സ്‌റ്റേഡിയത്തിൽ നടക്കും. മത്സരം സ്‌പോർട്‌സ് 18 ചാനലിൽ ആരാധകർക്ക് തത്സമയം കാണാം. ലീഗിൽ 17 പോയിന്റുമായി കൊമ്പന്മാർ ഒന്നാമതും എഫ് സി ഗോവ രണ്ടാമതുമാണ്. കഴിഞ്ഞ മത്സരത്തിലെ ടീമിൽ അധികം മാറ്റങ്ങൾ വരുത്താൻ മഞ്ഞപ്പടയുടെ പരിശീലകൻ ഇവാൻ വുകമനോവിച്ച് മുതിരില്ല.
കോച്ച് ഇവാന്റെ ചാണക്യ തന്ത്രങ്ങൾക്കൊപ്പം കളിമെനയുന്ന നായകൻ അഡ്രിയാൻ ലൂണയും സംഘവും ചേരുമ്പോൾ ഗോവയ്‌ക്ക് മേൽ ബ്ലാസ്‌റ്റേഴ്‌സ് സമ്മർദ്ദം തീർക്കുമെന്ന് ഉറപ്പാണ്. ദിമിത്രിയോസ് ഡയമന്റകോസും ക്വാമി പെപ്രയുമാകും മുന്നേറ്റ നിരയിൽ. മദ്ധ്യനിരയിൽ കെപി രാഹുലും നായകൻ അഡ്രിയാൻ ലൂണയും ആക്രമണങ്ങൾ അഴിച്ച് വിടുമ്പോൾ വിബിൻ മോഹനും ഡാനിഷ് ഫാറൂഖും ഡിഫൻസീവ് മിഡ്ഫീൽഡിന്റെ ചുമതല ഏറ്റെടുക്കും. പ്രതിരോധനിരയിൽ പ്രീതം കോട്ടാലും പ്രബിർ ദാസും ആദ്യ ഇലവനിൽ കളത്തിലുണ്ടാകും. മികച്ച ഫോമിൽ തുടരുന്ന കാവൽ മാലാഖ സച്ചിനെ മാറ്റി കരൺജിത്തിന് അവസരം കൊടുക്കാനും സാധ്യതയില്ല. ആക്രമണത്തിലും പ്രതിരോധത്തിലും ശ്രദ്ധ നൽകിയുള്ള പ്രകടനമായിരിക്കും മനോള മാർക്യൂസിന് കീഴിലിറങ്ങുന്ന ഗോവയുടേത്.
2017ന് ശേഷം ബ്ലാസ്‌റ്റേഴ്‌സിന് ഗോവയെ തോൽപ്പിക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല. 18 തവണ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ പത്ത് തവണയും ജയം ഗോവയ്‌ക്ക് ഒപ്പമായിരുന്നു. ബാക്കി നാല് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ജയിച്ചപ്പോൾ നാലെണ്ണം സമനിലയിലായി.