തിരുവനന്തപുരം: ആര്യനാടിൽ മാനസിക പ്രശ്നമുള്ള ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് കിണറ്റിൽ ചാടി. വെള്ളനാട് സ്വദേശി വിജയ് സുധാകരൻ (68) ആണ് ഭാര്യയായ വിജയ കുമാരിയെ വെട്ടി പരിക്കേൽപ്പിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്.
ഭാര്യയുമായുള്ള വാക്കു തർക്കമാണ് വെട്ടി പരിക്കേൽപ്പിക്കുന്നതിലേക്ക് ഭർത്താവിനെ നയിച്ചതെന്നാണ് പ്രാഥമിക വിവരം. വിജയ കുമാരിക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. ഏറെ കാലമായി ഇതിനുള്ള ചികിത്സയും വിജയ കുമാരി തേടിയിരുന്നു. ഭാര്യയുടെ മാനസിക പ്രശ്നങ്ങൾ ഭർത്താവിനെ നിരന്തരം അലട്ടിയിരുന്നതായി സമീപവാസികൾ പറഞ്ഞു. കിണറ്റിൽ ചാടിയ സുധാകരനെയും പരിക്കേറ്റ ഭാര്യയെയും നാട്ടുകാർ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ചികിത്സയിലാണ്.