ബെംഗളൂരു: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ബൈജൂസ് ജീവനക്കാർക്ക് ശമ്പളം കൊടുക്കാനുള്ള പണം കണ്ടെത്താനായി വീടുകൾ പണയം വച്ചു. കമ്പനിയുടെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രനാണ് മൂന്ന് വീടുകൾ പണയം വച്ചത്. ബെംഗളൂരുവിലെ രണ്ട് കുടുംബവീടുകളും എപ്സിലോണിൽ നിർമ്മാണത്തിലിരിക്കുന്ന വില്ലയുമാണ് ഏകദേശം നൂറ് കോടി രൂപയ്‌ക്ക് പണയംവെച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന് കീഴിൽ 15,000 ജീവനക്കാരാണ് ജോലിചെയ്യുന്നത്. പണയം വച്ച് ലഭിച്ച തുകയിൽ നിന്ന് ജീവനക്കാരുടെ ശമ്പളം നൽകിയെന്നാണ് റിപ്പോർട്ടുകൾ്. എന്നാൽ വാർത്തകളോട് പ്രതികരിക്കാൻ ഇതുവരെയും ബൈജൂസ് അധികൃതർ തയ്യാറായിട്ടില്ല.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഓഹരി വിൽപ്പനയിലൂടെ സമാഹരിച്ച 80 കോടി ഡോളർ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനിയിലേക്ക് തിരികെ ബൈജു രവീന്ദ്രൻ നിക്ഷേപിച്ചു. ഇതാണ് കമ്പനിയെ ശമ്പള പ്രതിസന്ധിയിലേക്ക് നയിച്ചതെന്നും അദ്ദേഹവുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങൾ പറയുന്നു.