പെഷവാർ: പാകിസ്താനിലെ വടക്കുപടിഞ്ഞാറൻ നഗരമായ പെഷവാറിൽ ബോംബ് സ്ഫോടനം. പൊട്ടിത്തെറിയെ തുടർന്ന് അഞ്ച് പേർക്ക് പരിക്കേറ്റു. ഏഴിനും പത്തിനും ഇടയിൽ പ്രായമുള്ള നാല് കുട്ടികളും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. ഐഇഡിയാണ് പൊട്ടിത്തെറിച്ചത്. രാവിലെ 9.10ഓടെയായിരുന്നു സംഭവം. പരിക്കേറ്റവരിൽ രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ഖൈബർ പഖ്തൂങ്ക്വാ പ്രവിശ്യയുടെ തലസ്ഥാനമാണ് ആക്രമണം നടന്ന പെഷവാർ. ഇവിടെയുള്ള സ്കൂളിന് സമീപം റോഡിൽ വച്ചാണ് ഐഇഡി പൊട്ടിത്തെറിച്ചത്. അടുത്തുള്ള ബാങ്കിനും മറ്റ് വ്യാപാര സ്ഥാപനങ്ങൾക്കും സ്ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ തെഹ്‌രീകെ-ഇ-താലിബാൻ ആണെന്നാണ് സൂചന.
അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ വരുന്ന പാക് നഗരമാണ് പെഷവാർ. താലിബാനും ഐഎസ് ഭീകരരും മറ്റ് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളും ഇവിടെ നിരന്തരമായി ആക്രമണം നടത്താറണ്ട്. 2014ൽ പെഷവാറിലെ സൈനിക അക്കാദമിയിലേക്ക് കടന്നുകയറിയ താലിബാൻ ഭീകരർ 153 പേരെ കൊലപ്പെടുത്തിയിരുന്നു. മരിച്ചവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളായിരുന്നു. ആറ് ഭീകരരായിരുന്നു ആക്രമണത്തിന് നേതൃത്വം നൽകിയത്.















