സിന്ധുനദീതട സംസ്കാരത്തിന്റെ ഭാഗമായ മോഹൻ ജെദാരോ പുരാവസ്തു കേന്ദ്രത്തിൽ നിന്ന് 2000 വർഷം പഴക്കമുള്ള നാണയങ്ങൾ കണ്ടെത്തി.പാകിസ്താനിലെ പുരാവസ്തു ഗവേഷകനായ ഷെയ്ഖ് ജാവേദ് അലിയുടെ നേതൃത്വത്തിലുള്ള ഗവേഷകർക്കാണ് നാണയങ്ങൾ കിട്ടിയത്. സിന്ധു നദീതട സംസ്കാരം അവസാനിച്ചതിന് ശേഷം നിലവിൽ വന്ന കുഷൻ സാമ്രാജ്യത്തിന്റെ ഭാഗമാണ് ഈ നാണയങ്ങൾ. ബുദ്ധമതത്തിന് സ്വാധീനമുണ്ടായിരുന്ന ഈ പ്രദേശത്തെ ബുദ്ധ സ്തൂപമുണ്ടായിരുന്നിടത്ത് നിന്നാണ് ഇപ്പോൾ നാണയങ്ങൾ കിട്ടിയിരിക്കുന്നത്. രണ്ട് സഹസ്രാബ്ദങ്ങളെ അതിജീവിച്ച ഈ നാണയങ്ങൾ കൂടിച്ചേർന്ന് ഒരു പന്തിന്റെ രൂപത്തിലാണുള്ളത്. 1000 മുതൽ 1500 വരെ നാണയങ്ങൾ ഉൾപ്പെടുന്ന ഈ പന്തിന്റെ ഭാരം അഞ്ചര കിലോയാണ്,
ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻ ദയാറാം സാഹ്നി ഹാരപ്പ നഗരം കണ്ടെത്തിയതോടെയാണ് സിന്ധു നദീ സംസ്കാരത്തെ പറ്റി അറിവ് ലഭിക്കുന്നത്. പാകിസ്താനിലെ സിന്ധിലാണ് അന്ന് ഗവേഷകർ കണ്ടെത്തിയ മോഹൻജെദാരോ ഇപ്പോഴുള്ളത്. വീട്ടുപകരണങ്ങൾ, വീടുകളിൽ നിന്നുള്ള വെള്ളം കാനകളിലേക്ക് എത്തിക്കുന്ന സംവിധാനങ്ങൾ, സ്നാനഘട്ടം, ധാന്യപ്പുരകൾ എന്നിവയൊക്കെ സിന്ധു നദീതട സംസ്കാരത്തിൽപെട്ട നഗരങ്ങളിലുണ്ടായിരുന്നു. മോഹൻ ജൊദാരോയും ഹാരപ്പയും നശിച്ചതെങ്ങനെയെന്നതിനെ പറ്റിയുള്ള ചർച്ചകൾ ഇപ്പോഴും ഗവേഷകർക്കിടയിൽ നടക്കുന്നുണ്ട്.