ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചിരിക്കുകയാണ്. കൂടുതൽ ശക്തി പ്രാപിച്ച മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിൽ എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആന്ധ്രയിലെ നെല്ലൂരിനും മച്ഛ്ലിപട്ടണത്തിനും ഇടയിൽ ഇന്നലെയാണ് ചുഴലിക്കാറ്റ് കരതൊട്ടത്. ആന്ധ്രാപ്രദേശിലെ തെക്കൻ തീരദേശ പ്രദേശങ്ങളിൽ നിന്ന് മിഷോങ് വടക്ക് ഭാഗത്തേക്ക് നീങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. ആന്ധ്രാപ്രദേശിൽ എത്തിയ ചുഴലിക്കാറ്റ് അവിടെ നിന്നും ആറ് മണിക്കൂർ സഞ്ചരിച്ച ശേഷം സഞ്ചരിച്ച് ബാപറ്റ്‌ല തീരത്തെത്തും. ശേഷം അവിടെ നിന്ന് 45 കിലോമീറ്റർ സഞ്ചരിച്ച് ഓങ്കോലെ ഭാഗത്തേയ്‌ക്കെത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
അതേസമയം ചെന്നൈയിൽ മിഷോങ് ചുഴലിക്കാറ്റ് വീശിയടിച്ചതിന് പിന്നാലെയുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 12 ആയി. നിലവിൽ ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ നാശം വിതച്ചിരിക്കുന്നത് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലാണ്. ചെന്നൈ നഗരത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്. വൈദ്യുതി മുടങ്ങുന്നതും മൊബൈൽ സേവനങ്ങൾ തടസ്സപ്പെടുന്നതുമെല്ലാം ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്. എന്നാൽ 80% മൊബൈൽ സേവനങ്ങളും, 70% മേഖലകളിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ സാധിച്ചു എന്നുമാണ് അധികൃതർ പറയുന്നത്.
ആന്ധ്രാപ്രദേശ് , തമിഴ്നാട്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലായി 29 എൻഡിആർഎഫ് ടീമുകളാണ് ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. തമിഴ്‌നാടിന്റെ പുനർ നവീകരണത്തിനായി സർക്കാർ കേന്ദ്രത്തോട് 5,000 കോടിയുടെ ഇടക്കാല സഹായം തേടിയിട്ടുണ്ട്. ചെന്നൈയിലും ആന്ധ്രാപ്രദേശിലെ ഏലൂരിലും ഇന്നും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒഡീഷയുടെ തെക്കൻ ജില്ലകളിലും ഇന്നലെ ശക്തമായ മഴ ലഭിച്ചിരുന്നു.