യുപിഐ മുഖേന ഇടപാടുകൾ നടത്തുന്നത് ഇന്ന് സർവ്വ സാധാരണമാണ്. ഉപയോക്താക്കൾക്ക് മറ്റൊരു യുപിഐ ഐഡിയിലേക്കോ ബാങ്ക് അക്കൗണ്ടിലേക്കോ പണം അയക്കുന്നതിന് ഇന്ന് സെക്കൻഡുകൾ മതിയാകും. എന്നാൽ അയക്കാനാകുന്ന തുകയ്‌ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ പരിധി കടന്നും ഇടപാട് നടത്തുന്ന സാഹചര്യങ്ങളിൽ ഇതിന് തടസ്സം നേരിട്ടേക്കാം. ഇത്തരമൊരു സാഹചര്യം നേരിടാതിരിക്കാൻ ഗൂഗിൾ പേ, പേടിഎം, ആമസോൺ പേ എന്നിവയുടെ പ്രതിദിന പരിധി ഏതൊക്കെയെന്ന് നോക്കാം…
ഒരു ദിവസം യുപിഐ മുഖേന എത്രമാത്രം തുകയുടെ ഇടപാടുകൾ നടത്താം…
എൻപിസിഐയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രകാരം ഒരു ദിവസം നിശ്ചിത തുക മാത്രമാണ് യുപിഐയിലൂടെ സ്വീകരിക്കാനും അയക്കാനും സാധിക്കൂ. ഒരു സമയം യുപിഐ മുഖേന എത്രമാത്രം തുക ട്രാൻസ്ഫർ ചെയ്യാം എന്നത് ബാങ്കിനെയും ആപ്പിനെയും ആശ്രയിച്ചിരിക്കുന്നു.
പേടിഎം പ്രതിദിന ഇടപാട് പരിധി
എൻപിസിഐയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം പേടിഎം മുഖേന ഒരു ദിവസം പരമാവധി ഒരു ലക്ഷം രൂപയുടെ ഇടപാടുകൾ വരെ നടത്താം. എത്ര തവണ യുപിഐ ഇടപാട് നടത്താമെന്നതിൽ പേടിഎം പരിധി നിശ്ചയിച്ചിട്ടില്ല. തുകയിൽ മാത്രമാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്.
ഗൂഗിൾ പേയിലെ പ്രതിദിന ഇടപാട് പരിധി
ഗൂഗിൾ പേ ഒരു ദിവസം പരമാവധി 10 ഇടപാടുകളുടെ പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഒരു ലക്ഷം രൂപ വരെ ഇടപാട് നടത്താനാകും.
ഫോൺപേ മുഖേന പ്രതിദിന ഇടപാട് പരിധി
ഫോൺപേ യുപിഐ മുഖേന ഉപയോക്താക്കൾക്ക് പ്രതിദിനം പരമാവധി ഒരു ലക്ഷം രൂപ വരെ പരിധി വച്ചിട്ടുണ്ട്. എന്നാൽ ഇതിലൂടെ ഒരു ദിവസം 20 ഇടപാടുകൾ വരെ നടത്താനാകും.
ആമസോൺ പേയിലൂടെ പ്രതിദിന ഇടപാട് പരിധി
ആമസോൺ പേയിലും ഒരു ദിവസം പരമാവധി ഒരു ലക്ഷം രൂപയുടെ ഇടപാട് നടത്താനാകും. പ്രതിദിന ഇടപാട് പരിധി 20 ആയി നിലനിർത്തിയിട്ടുണ്ട്. എന്നാൽ പുതിയ ഉപയോക്താക്കൾക്ക് ആദ്യ 24 മണിക്കൂറിൽ 5,000 രൂപ മാത്രമെ ഇടപാട് നടത്താൻ സാധിക്കൂ.