ന്യൂഡൽഹി: യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടംനേടി ഗുജറാത്തിന്റെ പരമ്പരാഗത കലാരൂപമായ ഗർബാനൃത്തം. ഈ ബഹുമതിക്ക് പിന്നാലെ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. എക്‌സിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്.
‘ഐക്യത്തിന്റെയും പാരമ്പര്യത്തിന്റെയും ആഘോഷമാണ് ഗർബ. യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഗർബാനൃത്തം ഇടംനേടിയതോടെ ഇന്ത്യൻ സംസ്‌കാരത്തിന്റെ സൗന്ദര്യം ലോകത്തിന് മുന്നിൽ തന്നെ ദൃശ്യമായിരിക്കുകയാണ്. ഈ അംഗീകാരം നമ്മുടെ ഭാവി തലമുറകൾക്ക് വേണ്ടി രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിനായി നമ്മെ പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പികയും ചെയ്യുന്നതായിരിക്കും’ പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ഗുജറാത്തിന്റെ പരമ്പരാഗത ഗർബാനൃത്തം യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ലോകമെമ്പാടുമുള്ള ഗുജറാത്ത് സ്വദേശികൾക്ക് ഇത് അഭിമാന നിമിഷമാണെന്നും പട്ടേൽ എക്‌സിൽ കുറിച്ചു.