ന്യൂഡൽഹി: പ്രതിപക്ഷ എംപിമാരുടെ യോഗത്തിൽ നിന്നും വിട്ടുനിന്ന് രണ്ട് പാർട്ടികൾ. തൃണമൂൽ, ഉദ്ദവ് സേന പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നത്. കാരണങ്ങൾ വ്യക്തമല്ലെങ്കിലും മുന്നണിയിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പിന്നിലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
മല്ലികാർജ്ജുൻ ഗാർഖെയുടെ വസതിയിലായിരുന്നു യോഗം ചേർന്നത്. രാഹുലും യോഗത്തിൽ പങ്കെടുത്തു. കേരളത്തിൽ നിന്നും സിപിഎം, സിപിഐ, മുസ്ലീംലീഗ്, ആർഎസ്പി, കേരള കോൺഗ്രസ് എംപിമാരും യോഗത്തിൽ എത്തി. കൂട്ടായ ശ്രമങ്ങളുമായി മുന്നോട്ടുപോകുമെന്നും ശിക്ഷാ നിയമങ്ങളിലെ മാറ്റത്തെ കുറിച്ചാണ് ചർച്ച നടത്തിയതെന്നുമാണ് യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ എംപിമാർ മാദ്ധ്യമങ്ങളോട് പറഞ്ഞത്.
എന്നാൽ ഇൻഡി മുന്നണിയിൽ കടുത്ത ഭിന്നത നിലനിൽക്കുന്നതായാണ് ലഭിക്കുന്ന വിവരം. സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ തീരുമാനത്തിൽ എത്തിയ ശേഷം മാത്രമേ മുന്നണി യോഗത്തിലേക്കുള്ളൂവെന്നതാണ് തൃണമൂലിന്റെ നിലപാട്. ഇക്കാര്യം കോൺഗ്രസിനെ അറിയിച്ചതായാണ് റിപ്പോർട്ട്. രാഹുലിനെ നേതാവായി ഉയർത്തി കാണിക്കുന്നതിലും തൃണമൂൽ എതിർപ്പ് തുറന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജെഡിയുവിനും സമാനമായ നിലപാടാണുള്ളത്.
എന്നാൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്ന ഉദ്ദവ് ശിവസേനയുടെ പിൻവാങ്ങലാണ്. ഇന്ന് സഭയിൽ ഉണ്ടായിയിട്ടും ഉദ്ദവിന്റെ വിശ്വസ്തനായ സഞ്ജയ് റാവത്ത് ഇൻഡി മുന്നണി യോഗത്തിൽ എത്തിയിരുന്നില്ല.















