ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ബാധിത സംസ്ഥാനങ്ങളായ തമിഴ്നാടിനും ആന്ധ്രാപ്രദേശിനും ദേശീയ ദുരന്ത നിവാരണ ഫണ്ടിന്റെ രണ്ടാം ഗഡു വിതരണം ചെയ്ത് കേന്ദ്രം. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് വിവരം പങ്കുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശത്തെ തുടർന്നാണ് ധനസഹായം വിതരണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
ആദ്യ ഗഡു കേന്ദ്രം നേരത്തെ ഇരു സംസ്ഥാനങ്ങൾക്കും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് 493.60 കോടി രൂപ ആന്ധ്രാപ്രദേശിനും 450 കോടി രൂപ തമിഴ്‌നാടിനും മുൻകൂറായി രണ്ടാം ഗഡു നൽകിയത്. നഗര പ്രദേശങ്ങളിലെ പ്രളയ ലഘൂകരണ പദ്ധതിക്കായി 561.29 കോടി രൂപയ്‌ക്കും കേന്ദ്രം അംഗീകാരം നൽകി. നഗര പ്രദേശ വെള്ളപ്പൊക്ക നിവാരണ പ്രവർത്തനങ്ങൾക്കുള്ള 500 കോടിയുടെ കേന്ദ്രസഹായവും ഇതിൽ ഉൾപ്പെടുന്നുണ്ടെന്ന് രാജ്നാഥ് സിംഗ് അറിയിച്ചു.
തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും വീശിയടിച്ച ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനാഷ്ടങ്ങൾ പ്രതിരോധമന്ത്രി വിലയിരുത്തിയിരുന്നു. പ്രളയബാധിത പ്രദേശങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി. ദുരിതബാധിത പ്രദേശങ്ങൾ നിരീക്ഷിച്ചതിന് ശേഷം മുഖ്യമന്ത്രിയ്‌ക്കൊപ്പവും ദുരന്തനിവാരണ സേനാ, നാവികസേന ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ചകൾ നടത്തിയിരുന്നു. മിഷോങ് ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ ചെന്നൈയിലേക്ക് പോകുമെന്ന് കഴിഞ്ഞ ദിവസം രാജ്‌നാഥ് അറിയിച്ചിരുന്നു. ആന്ധ്രപ്രദേശിലും തമിഴ്‌നാട്ടിലുമാണ് മിഷോങ് ചുഴലിക്കാറ്റ് അതിതീവ്രമായി ബാധിച്ചത്. കനത്ത മഴയിൽ ചെന്നൈയിലെ പല പ്രദേശങ്ങളും ഇപ്പോഴും വെള്ളക്കെട്ടിലാണ്.