കാളിദാസ് ജയറാം നായകനാകുന്ന ചിത്രമായ ‘രജനി’യുടെ പ്രീ-റിലീസ് ടീസര്‍ പുറത്തിറങ്ങി. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ വിഭാഗത്തിൽ വരുന്നതാണ് ചിത്രം. ഒരേ സമയം ആകാംക്ഷയും ഉദ്വേഗവും നൽകുന്നതാണ് പ്രീ-റിലീസ് ടീസര്‍. കാളിദാസിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന് രജനിയിലൂടെ കാണാനാവുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
ചിത്രം ഡിസംബര്‍ 8-ന് തീയേറ്ററുകളില്‍ എത്തും. പരസ്യ കലാരംഗത്തെ പ്രഗല്ഭരായ നവരസ ഗ്രൂപ്പ്, നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ.എസ്, ബ്ലെസി ശ്രീജിത്ത് എന്നിവര്‍ നിർമ്മിച്ച് നവാഗതനായ വിനില്‍ സ്കറിയ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് രജനി. മലയാളത്തിലും തമിഴിലുമായാണ് രജനി ഒരുക്കിയിരിക്കുന്നത്. നമിതാപ്രമോദ്, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിലെ നായികമാർ.
ഫോർ മ്യൂസിക് സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ആർ ആർ വിഷ്ണുവാണ്. സൈജു കുറുപ്പ്, ശ്രീകാന്ത് മുരളി, അശ്വിൻ കുമാർ, ലക്ഷ്മി ഗോപാലസ്വാമി, ഷോൺ റോമി, രമേശ് ഖന്ന, വിൻസെന്റ് വടക്കൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.