2024-ലെ കോപ്പഅമേരിക്ക ടൂർണമെന്റിലെ ഗ്രൂപ്പ് നിർണയം പൂർത്തിയായി. ജൂൺ 20ന് നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയുടെ പോരാട്ടത്തോടെയാകും ടൂർണമെന്റിന്റെ കിക്കോഫ്. എതിരാളികൾ കാനഡയോ ട്രിനാഡ് ആൻഡ് ടുബാഗോയോ ആകും. ഗ്രൂപ്പ് എയിൽ അർജന്റീനയ്‌ക്കൊപ്പം ചിലിയും പെറുവുമുണ്ട്. മുൻ ചാമ്പ്യന്മാരായ ബ്രസീലിന്റെ ഗ്രൂപ്പ് ഡിയിൽ കൊളംബിയയും പാരഗ്വായും ടിക്കറ്റ് ഉറപ്പിച്ചു. കോസ്റ്റാറിക്കയോ ഹൊണ്ടൂറാസോ ആകും നാലാമൻ.
ഗ്രൂപ്പ് സിയിൽ അമേരിക്ക, ഉറുഗ്വായ്, പനാമ, ബൊളിവീയ എന്നിവരാണ്. മെക്സിക്കോയും ഇക്വഡോറും, വെനേസ്വലയും ജമൈക്കയും ഉൾപ്പെടുന്നതാണ് ഗ്രൂപ്പ് ബി.ഗ്രൂപ്പിലെ മികച്ച രണ്ടു ടീമുകൾ ക്വർട്ടർ ഫൈനലിലേക്ക് മുന്നേറും. അർജന്റീനയും ഉറുഗ്വായും 15 തവണ കപ്പുയർത്തിയപ്പോൾ ബ്രസീൽ 9 തവണയാണ് ചാമ്പ്യന്മാരായത്. 2021 ബ്രസീലിനെ ഒരു ഗോളിന് തോൽപ്പിച്ചാണ് മെസിയുടെ നേതൃത്വത്തിൽ അർജന്റീന കിരീടമുയർത്തിയത്. 48-ാം ടൂർണമെന്റ് അമേരിക്കയിലാണ് നടക്കുക.















