ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള മന്ത്രിസഭാ രൂപീകരണത്തിനായി സമിതികളെ നിയോഗിച്ച് ബിജെപി കേന്ദ്ര നേതൃത്വം. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മന്ത്രിസഭാ രൂപീകരണം സമിതിയുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചായിരിക്കും നടക്കുക. കേന്ദ്ര പാർലമെന്ററി ബോർഡാണ് സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
രാജസ്ഥാനിലേക്കുള്ള സമിതിയിൽ പ്രതിരോധ മന്ത്രിയും പാർലമെന്ററി ബോർഡ് അംഗവുമായ രാജ്‌നാഥ് സിംഗ്, ദേശീയ ഉപാദ്ധ്യക്ഷ സരോജ് പാണ്ഡെ, ദേശീയ ജറൽ സെക്രട്ടറി വിനോദ് താവ്‌ഡെ എന്നിവരെയാണ് നിയോഗിച്ചിട്ടുള്ളത്. മദ്ധ്യപ്രദേശിലേക്കുള്ള സമിതിയിൽ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ, പാർലമെന്ററി ബോർഡ് അംഗം ഡോ. കെ. ലക്ഷ്മൺ, ദേശീയ സെക്രട്ടറി ആശാ ലാക്ര എന്നിവരാണുള്ളത്. കേന്ദ്രമന്ത്രി അർജ്ജുൻ മുണ്ട, കേന്ദ്രമന്ത്രിയും പാർലമെന്ററി ബോർഡ് അംഗവുമായ സർബാനന്ദ സോനോവാൾ, ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം എന്നിവരാണ് ഛത്തീസ്ഗഡിലേക്കുള്ള സമിതിയിലുള്ളത്.
രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനത്തിലേക്കുള്ള മുഖ്യമന്ത്രിമാരെ രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നാണ് വിവരം. ദേശീയ രാഷ്‌ട്രീയത്തിൽ പ്രവർത്തിച്ചിരുന്ന പ്രമുഖരെ ബിജെപി സംസ്ഥാന രാഷ്‌ട്രീയത്തിലേക്ക് മടക്കി അയച്ചിരുന്നു. മന്ത്രിസഭയിലും പാർട്ടിയിലും ഇവർ നിർണായക ചുമതലകൾ വഹിക്കുമെന്നാണ് ബിജെപി വ്യക്തമാക്കുന്നത്.