തിരക്കിട്ട ജോലികളിൽ ഏർപ്പെടുന്ന ഒട്ടുമിക്ക ആളുകളും നേരിടുന്ന വലിയൊരു പ്രശ്‌നമാണ് മാനസിക സമ്മർദ്ദം. നിസാരമായി തള്ളിക്കളയാൻ പറ്റുന്ന ഒന്നല്ലയിത്. സമ്മർദ്ദം അമിതമായാൽ അത് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും വഴിവയ്‌ക്കുന്നു. എപ്പോഴും ടെൻഷനാണെന്ന് പലരും പറയുന്നത് നാം കേട്ടിരിക്കും. ഒരു പക്ഷേ നമ്മിലും ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടായിരിക്കും. ടെൻഷൻ ഒഴിവാക്കാൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാം..
ജീവിതം ആസ്വദിക്കാൻ സമയം കണ്ടെത്താം..
തിരക്കിട്ട ജീവിതത്തിൽ പലപ്പോഴും സമയം കണ്ടെത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ജോലികളിലെ സമ്മർദ്ദം കുറയ്‌ക്കാൻ ഒരു ഇടവേളകൾ എടുക്കുന്നത് സമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുന്നു. ഈ സമയങ്ങളിൽ ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാം. പാചകം ചെയ്യുക, ഡാൻസ് ചെയ്യുക, പാട്ടുകൾ കേൾക്കുക ഇങ്ങനെ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ സമയം കണ്ടെത്താം.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ കഴിക്കാം..
സമ്മർദ്ദം കുറക്കുന്നതിൽ ഭക്ഷണക്രമീകരണം വളരെ പ്രധാനമാണ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിലും മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിനും പോഷക ഘടകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ്. വിറ്റാമിൻ സി, വിറ്റാമിൻ എ, തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളും നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാൻ ശീലിക്കുക. ഇത് സമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.
യോഗ/ മെഡിറ്റേഷൻ
യോഗയോ മെഡിറ്റേഷനോ ചെയ്യുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് വളരെയധികം ഗുണം ചെയ്യുന്നു. യോഗയും മെഡിറ്റേഷനും ചെയ്യുന്നത് ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനൊപ്പം സമ്മർദ്ദം കുറയ്‌ക്കാനും സഹായിക്കുന്നു.
സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാം
മനുഷ്യൻ സാമൂഹിക ജീവിയാണ്. സുഹൃത്തുക്കളും കുടുംബവും ഒരു മനുഷ്യന്റെ ജീവിതത്തിൽ അവിഭാജ്യഘടകങ്ങളാണ്. ഇവർക്കൊപ്പം ചെലവഴിക്കാൻ കിട്ടുന്ന സമയങ്ങൾ പരമാവധി ആസ്വദിക്കാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ സമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുന്നു. നിങ്ങളെ അലട്ടുന്ന പ്രശ്‌നങ്ങൾ അടുത്ത സുഹൃത്തുക്കളോട് പങ്കിടാൻ ശ്രമിക്കുക. ഇത് മാനസിക ഉന്മേഷം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.