ഇടുക്കി: ഹോട്ടൽ മുറി കേന്ദ്രീകരിച്ച് ലഹരി മരുന്ന് കച്ചവടം നടത്തിയ ഒരാൾ പിടിയിൽ. പട്ടയം കവല കണ്ടത്തിൻകര ഹാരിസ് എന്ന താടി ഹാരിസാണ് പിടിലായത്. ഇയാളുടെ പക്കൽ നിന്നും 39.12 ഗ്രാം എംഡിഎംഎയും കഞ്ചാവും 23,080 രൂപയും പിടിച്ചെടുത്തു. കൂടാതെ മുറിയിൽ നിന്നും ഇലക്ട്രോണിക് ത്രാസും കണ്ടെത്തിയിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലഹരി മരുന്നുകൾ വിൽക്കുന്നതിനായി ഹാരിസ് ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. വിൽപ്പനക്കായി എംഡിഎംഎ ചെറിയ കവറുകളിൽ പായ്‌ക്ക് ചെയ്ത് വച്ചിരുന്നു. ഇവയുടെ തൂക്കം അളക്കുന്നതിനായിട്ടാണ് ഇലക്ട്രേണിക് ത്രാസ് ഉപയോഗിച്ചിരുന്നത്.
ഇത് കൂടാതെ ലഹരി ഉപയോഗിക്കുന്നതിനായി കൈവശം വച്ചിരുന്ന ഇൻഹേലർ, ഗ്ലാസ് ട്യൂബ്, എടിഎം കാർഡ്, സ്മാർട്ട്‌ഫോൺ, ഒരു പാൻ കാർഡ് തുടങ്ങിയവയും പിടിച്ചെടുത്തു. മറ്റൊരാളുടെ പേരിലാണ് പ്രതി ഹോട്ടലിൽ റൂമെടുത്തത്. 2022-ൽ സമാന കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു.















