മലപ്പുറം: സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിനിയെ കടന്നു പിടിച്ച യുവാവ് അറസ്റ്റിൽ. വളാഞ്ചേരി സ്വദേശി സജീഷാണ് പിടിയിലായത്. പെരിന്തൽമണ്ണയിൽ നിന്നും വളാഞ്ചേരിയിലേക്കുള്ള ബസിൽ യാത്ര ചെയ്യവെയായിരുന്നു വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം. വിദ്യാർത്ഥിനിയുടെ പിന്നിൽ നിന്നും കടന്നു പിടിച്ച് ശല്യം ചെയ്ത കേസിലാണ് അറസ്റ്റ്.
ബസ് പുത്തനങ്ങാടി എത്തിയപ്പോഴായിരുന്നു വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം. ബസിൽ തിരക്കുണ്ടായിരുന്ന സമയം നോക്കി പ്രതി കടന്നു പിടിക്കുകയായിരുന്നു. മോശമായി പെരുമാറിയത് തിരിച്ചറിഞ്ഞതോടെ പെൺകുട്ടി ബഹളം വച്ചു. തുടർന്ന് ബസ് ജീവനക്കാരും പ്രദേശവാസികളും ചേർന്ന് പ്രതിയെ തടഞ്ഞുവയ്‌ക്കുകയും പെരിന്തൽമണ്ണ പോലീസ് സ്‌റ്റേഷനിലേക്ക് വിവരം അറിയിക്കുകയുമായിരുന്നു.















