ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാസേനയുടെ ഭീകരവിരുദ്ധ നീക്കം ശക്തമാക്കി. മധ്യ കശ്മീരിലെ ബഡ്ഗാം ജില്ലയിലെ യൂസ്മാർഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ പാക് ഭീകരനെ സുരക്ഷാസേന വധിച്ചു. ലഷ്കർ-ഇ-തൊയ്ബ കമാൻഡർ യാസിർ ആണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ സൈന്യം, ജമ്മു കശ്മീർ പൊലീസ്, സിആർപിഎഫ് എന്നിവ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.
ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഷ്ദാർ ഗലി മേഖലയിൽ തിരച്ചിൽ ആരംഭിച്ചത്. പുൽവാമയിലെ പഖേർപോറ മേഖലയിൽ നിന്ന് യൂസ്മാർഗിലേക്ക് ഭീകരസംഘം നീങ്ങുന്നതായി ലഭിച്ച വിവരത്തെ തുടർന്നായിരുന്നു നീക്കം.
തിരച്ചിലിനിടെ സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതോടെ സൈന്യം ഭീകരരെ ചോദ്യം ചെയ്തു. ഇതോടെ ഭീകരർ വെടിയുതിർക്കുകയും സുരക്ഷാസേന തിരിച്ചടിക്കുകയുമായിരുന്നു. തുടർന്നുണ്ടായ ശക്തമായ ഏറ്റുമുട്ടലിലാണ് ഒരു ഭീകരൻ കൊല്ലപ്പെട്ടത്. സ്ഥലത്തുനിന്ന് എകെ റൈഫിളും കണ്ടെടുത്തു.
മേഖലയിൽ ഒന്നോ രണ്ടോ ഭീകരർ കൂടി ഒളിച്ചിരിക്കുന്നതായി സുരക്ഷാസേന സംശയിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി യൂസ്മാർഗിലെ വനമേഖലയിൽ വ്യാപക തിരച്ചിൽ തുടരുകയാണ്. രക്ഷപ്പെടാനുള്ള സാധ്യതകൾ തടയുന്നതിനായി പ്രദേശത്ത് സുരക്ഷാ വളയം ശക്തമാക്കിയിട്ടുണ്ട്. മാസങ്ങളുടെ ഇടവേളയ്‌ക്ക് ശേഷമാണ് കശ്മീർ താഴ്‌വരയിൽ ഇത്തരമൊരു ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നത്.















