ജയ്പൂർ : ഭാരത് മാതാ കീ ജയ് മുഴക്കിയതിന്റെ പേരിൽ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത സ്കൂളിനെതിരെ ജനരോഷം ശക്തമാകുന്നു . രാജസ്ഥാനിലെ ബാരൻ ജില്ലയിലെ ആന്റയിൽ സ്ഥിതി ചെയ്യുന്ന ഇമ്മാനുവൽ സ്‌കൂളിനെതിരെയാണ് പരാതി. 8 വിദ്യാർത്ഥികളെയാണ് ഭാരത് മാതാ കീ ജയ്’ വിളിച്ചതിന് സ്‌കൂൾ സസ്‌പെൻഡ് ചെയ്തത്. ഇതിനെതിരെ വിദ്യാർത്ഥികളുടെ വീട്ടുകാരും സ്‌കൂളിലെത്തി പ്രതിഷേധിച്ചു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എൽ.എ ആന്താ കൻവർ ലാൽ മീണയും സ്‌കൂൾ മാനേജ്‌മെന്റിനെ വിളിച്ച് വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം കർണി സേന പ്രസിഡന്റ് സുഖ്ദേവ് സിംഗ് ഗോഗമേദിയുടെ കൊലപാതകത്തെ അപലപിച്ചുകൊണ്ട് നഗരത്തിൽ ഘോഷയാത്ര നടത്തിയിരുന്നു . ഘോഷയാത്ര സ്‌കൂളിന് സമീപം എത്തിയപ്പോൾ വിദ്യാർത്ഥികളും പ്രതിഷേധ മുദ്രാവാക്യം വിളിച്ചു.ഇതിന് പിന്നാലെയാണ് ചട്ടലംഘനം ചൂണ്ടിക്കാട്ടി സ്കൂൾ അധികൃതർ ഇവർക്കെതിരെ നോട്ടീസ് നൽകിയത്.
സ്‌കൂളിൽ അനുചിതമായ പ്രവൃത്തികൾ ചെയ്യാതിരിക്കാൻ വിദ്യാർഥികൾക്ക് കൃത്യമായ മാർഗനിർദേശം നൽകണമെന്നും രക്ഷിതാക്കൾക്ക് അയച്ച കത്തിൽ പറയുന്നു.വീട്ടുകാർ സംസാരിക്കാനെത്തിയപ്പോഴും സ്കൂൾ അധികൃതർ ചെവിക്കൊണ്ടില്ല. ഇമ്മാനുവൽ മിഷൻ സ്കൂളിന് നൽകിയ അംഗീകാരം റദ്ദാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.