ന്യൂഡൽഹി: തനിക്കെതിരെ തെളിവുകൾ ഒന്നും ഇല്ലായിരുന്നുവെന്നും, തന്റെ ഭാഗം അവതരിപ്പിക്കാൻ എത്തിക്‌സ് പാനൽ കമ്മിറ്റി അവസരം നൽകിയില്ലെന്നുമുള്ള മഹുവ മൊയ്ത്രയുടെ ആരോപണങ്ങൾ തള്ളി ബിജെപി എംപി സുനിത ദുഗ്ഗൽ. മഹുവയെ എംപി സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ശുപാർശ ചെയ്ത എത്തിക്‌സ് കമ്മിറ്റിയിലെ അംഗമായിരുന്നു സുനിത. മഹുവയ്‌ക്ക് അവരുടെ ഭാഗം അവതരിപ്പിക്കാനുള്ള പല അവസരങ്ങൾ എത്തിക്‌സ് കമ്മിറ്റി നൽകിയെന്നും, അവർ അത് പ്രയോജനപ്പെടുത്തിയില്ലെന്നും സുനിത വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
” എത്തിക്‌സ് കമ്മിറ്റി ചോദിച്ച പല ചോദ്യങ്ങൾക്കും തൃപ്തികരമായ മറുപടി നൽകാൻ മഹുവയ്‌ക്ക് സാധിച്ചിട്ടില്ല. ചോദ്യങ്ങൾക്കൊന്നും മറുപടി ഇല്ലാതെ വന്നതോടെയാണ് അവർ കമ്മിറ്റിക്ക് മുന്നിൽ നിന്ന് ഇറങ്ങിപ്പോകുന്നത്. അവരുടെ ഭാഗങ്ങൾ തുറന്നുപറയാൻ അവർക്ക് നിരവധി അവസരങ്ങൾ ഉണ്ടായിരുന്നുവെന്നും” സുനിത വ്യക്തമാക്കി. വ്യക്തിപരമായ ചോദ്യങ്ങൾ ചോദിച്ചെന്ന് ആരോപിച്ചാണ് നവംബർ 2ലെ പാർലമെന്റ് എത്തിക്സ് കമ്മിറ്റി യോഗത്തിൽ നിന്ന് മഹുവ മൊയ്ത്ര ഇറങ്ങിപ്പോയത്.
പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ വ്യവസായിയായ ദർശൻ ഹിരാനന്ദാനിയിൽ പണവും പാരിതോഷികങ്ങളും മഹുവ കൈപ്പറ്റിയിട്ടുണ്ടെന്നും, മഹുവയുടെ പാർലമെന്റ് ലോഗിൻ ഐഡി വിദേശരാജ്യങ്ങളിൽ വച്ച് ദുരുപയോഗിച്ചുവെന്നുമായിരുന്നു പ്രധാന ആരോപണം. ഇതിൽ ദർശൻ ഹിരാനന്ദാനിയിൽ ചില പാരിതോഷികങ്ങൾ കൈപ്പറ്റിയതായി മഹുവ സമ്മതിച്ചിട്ടുണ്ടെന്നും സുനിത പറയുന്നു. ”പാർലമെന്റ് ലോഗിൻ ആക്‌സസുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ ഉയർന്നിട്ടുണ്ട്. ഒന്നിന് പോലും അവർക്ക് മറുപടി ഉണ്ടായിരുന്നില്ല. വിദേശരാജ്യങ്ങളിൽ ലോഗിൻ ആക്‌സസ് ചെയ്താണ് അവർ ചോദ്യങ്ങൾ പോസ്റ്റ് ചെയ്തത്. ഇതുവരെ 60 ചോദ്യങ്ങൾ അവർ ലോക്‌സഭയിൽ ചോദിച്ചിട്ടുണ്ട്. ഇതിൽ 51ഉം കോർപ്പറേറ്റ് മേഖലയുമായി ബന്ധപ്പെട്ടതാണ്. സ്വന്തം സ്ഥാനവും ചുമതലകളുമായി ബന്ധപ്പെട്ട് അവർക്ക് ഒന്നിനെ കുറിച്ചും അറിയേണ്ടതില്ലായിരുന്നുവെന്നും” സുനിത ദുഗ്ഗൽ കൂട്ടിച്ചേർത്തു.