ഭോപ്പാൽ: മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്തതിന് മുസ്ലീം യുവതിയെ മർദ്ദിച്ച് ഭർത്താവിന്റെ സഹോദരൻ. സെഹോർ ജില്ലയിലെ ബർഖേദ ഹസൻ ഗ്രാമത്തിലായിരുന്നു സംഭവം. അഹമ്മദ്പൂർ സ്വദേശി ജാവേദ് ഖാനാണ് സഹോദരന്റെ ഭാര്യ സമീനയെ മർദ്ദിച്ചത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ ബിജെപി സർക്കാരിന്റെ ‘ ലാഡ്ലി ബെഹ്ന യോജന’-യിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സമീന ഭാരതീയ ജനതാ പാർട്ടിക്ക് വോട്ട് ചെയ്തത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബിജെപി ജയിച്ചതോടെ സമീന പ്രദേശത്തെ ആഘോഷ പരിപാടികളിലും പങ്കെടുത്തു. ഇതായിരുന്നു ഭർത്താവിന്റെ സഹോദരനായ ജാവേദിനെ പ്രകോപിതനാക്കിയത്. തുടർന്ന്, ജാവേദും ഭാര്യയും ചേർന്ന് സമീനയെ മർദ്ദിക്കുകയായിരുന്നു.
സമീന നിലവിളിക്കാൻ തുടങ്ങിയതോടെ പണ്ഡിറ്റ് വിദ്യാ സാഗർ എന്ന അയൽവാസിയായിരുന്നു യുവതിയെ രക്ഷിച്ചത്. സംഭവത്തെ തുടർന്ന് സമീന അഹമ്മദ്പൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പ്രതികൾക്കെതിരെ ഐപിസി 34, ഐപിസി 294 തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.