പൊതുവെ എല്ലാവർക്കും മധുരം കഴിക്കാൻ ഏറെ ഇഷ്ടമാണ്. ചായയിൽ പഞ്ചസാര കൂടുതൽ ചേർത്ത് ആസ്വദിച്ച് കഴിക്കുന്നവരാണ് പലരും. ആഹാരം കഴിച്ചതിന് ശേഷം മധുരപദാർത്ഥങ്ങൾ കഴിക്കുന്നത് ശീലമാക്കുന്നവരും നമുക്കിടയിലുണ്ട്. മധുരം അമിതമായി കഴിച്ചാൽ അത് പലവിധ പ്രശ്നങ്ങൾക്ക് വഴിവെക്കും. പ്രത്യേകിച്ചും പഞ്ചസാര കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും അമിതവണ്ണത്തിനും കാരണമാകുന്നു.
ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, അർബുദം തുടങ്ങിയ വിട്ടുമാറാത്ത രോഗാവസ്ഥയ്ക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. കൂടിയ അളവിൽ പഞ്ചസാര കഴിക്കുന്നത് വായുടെ ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുന്നു. ഇത് ദന്തക്ഷയത്തിലേക്കും മോണരോഗത്തിലേക്കും വഴിവെക്കും.
അമിതമായി പഞ്ചസാര കഴിക്കുന്നതിന്റെ ലക്ഷണങ്ങൾ
ഇടയ്ക്കിടെ മധുരം കഴിക്കാനുള്ള ആസക്തി നിങ്ങൾ മധുര പ്രേമിയാണെങ്കിലുള്ള പ്രധാന ലക്ഷണമാണ് ഇടയ്ക്കിടെ മധുരം കഴിക്കുന്നതിനുള്ള ആസക്തി. ഇത് നിയന്ത്രിക്കാൻ പഴങ്ങൾ, പരിപ്പുവർഗങ്ങൾ എന്നിവ ദിവസേനയുള്ള ആഹാരത്തിൽ ഉൾപ്പെടുത്തുക.
ശരീരഭാരം വർദ്ധിക്കുന്നു
അമിതമായ പഞ്ചസാരയുടെ ഉപയോഗം ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും അമിതവണ്ണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകും. പഞ്ചസാര പരമാവധി കുറഞ്ഞ അളവിൽ മാത്രം ഉപയോഗിക്കുക. പോഷകാഹാരങ്ങൾ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകുന്നു
ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടുതലാണെങ്കിൽ അത് ചർമ്മത്തിന്റെ കൊളാജൻ, എലാസ്റ്റിൻ ഉത്പാദനത്തെ തടസപ്പെടുത്തുന്നു. ഇത് മുഖക്കുരു, മുഖത്ത് ചുളിവുകൾ, പാടുകൾ എന്നിവയിലേക്ക് നയിക്കുന്നു. പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ഇലക്കറികൾ കഴിക്കുകയും വേണം.
അസുഖങ്ങൾ
ശരീരത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിച്ചാൽ ഇത് പ്രതിരോധശക്തിയെ തന്നെ തകർക്കുന്നു. ഇത് അണുബാധകൾക്കും മറ്റ് രോഗങ്ങൾക്കും കാരണമാകുന്നു. രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്.
ദന്ത പ്രശ്നങ്ങൾ
അമിതമായുള്ള പഞ്ചസാരയുടെ ഉപയോഗം ദന്തക്ഷയം, പല്ലുകളുടെ കേട്, മോണരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. മധുരമുള്ള ലഘുഭക്ഷണങ്ങളും പാനീയങ്ങളും കഴിവതും ഒഴിവാക്കുക. രാത്രി കിടക്കുന്നതിന് മുമ്പ് പല്ല് തേക്കുക.