സൗന്ദര്യസംരക്ഷണത്തിന് പൊടിക്കൈകൾ പരീക്ഷിക്കാത്തവരായി ആരുമുണ്ടാകില്ല. അടുക്കളയിൽ നിന്നും കിട്ടുന്ന പല സാധനങ്ങളും അതിനായി ഉപയോഗിക്കുന്നവരാണ് അധികവും. പലതരത്തിലുള്ള ചർമ്മ പ്രശ്‌നങ്ങൾക്ക് അവയെല്ലാം പരിഹാരമാണ് എന്നതാണ് അതിന് കാരണം. അത്തരത്തിൽ മുഖ സംരക്ഷണത്തിന് ഫലപ്രദമായ ഒന്നാണ് തൈര്.
അരിപ്പൊടി, മുൾട്ടാണിമിട്ടി എന്നിവയുടെ കൂടെയെല്ലാം തൈര് മുഖത്ത് പുരട്ടാറുണ്ട്. എന്നാൽ പലരും തൈര് ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാതെയാണ് ഉപയോഗിക്കുന്നത്.
തൈരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് നിർജ്ജീവമായ ചർമ്മത്തെ പുറംന്തള്ളാൻ സഹായിക്കും. അതുവഴി ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതാക്കും. കൂടാതെ ചർമ്മത്തിലെ ചുളിവുകൾ കുറയ്‌ക്കാനും ഇത് സഹായിക്കും.
തൈരിൽ അടങ്ങിയിരിക്കുന്ന മറ്റൊരു ഘടകമാണ് സിങ്ക്. ഇത് ചർമ്മത്തിലെ കറുത്തപാടുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി-ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരുവിന് കാരണമാവുന്ന ബാക്ടീരിയകള ചെറുക്കുന്നു. തൈരിൽ അടങ്ങിയിട്ടുള്ള ലാക്റ്റിക് ആസിഡും ഫാറ്റും ചർമ്മത്തിലെ സ്വാഭാവിക ജലാംശം നിലനിർത്താനും കൂടുതൽ മൃദുത്വം കൊണ്ട് വരാനും സഹായിക്കും.















