ഡൽഹി: ആഗോളവൽക്കരണ കാലഘട്ടത്തിന്റെ പേരിൽ വളരെക്കാലത്തോളം ഇന്ത്യക്ക് അനാവശ്യമായ മത്സരം നേരിടേണ്ടി വന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. മത്സരം അന്യായമാണെങ്കിൽ അത് വിളിച്ചുപറയാനുള്ള കഴിവ് ഇന്ത്യക്കുണ്ടാകണം. കൃത്യമായ ഒരു ലക്ഷ്യ ബോധത്തോടെയാണ് ഇന്ന് ലോകത്തിന് മുന്നിൽ ഇന്ത്യ വളരുന്നത്. ഒരു കാലത്ത് ബാക്ക് ഓഫീസ് എന്നാണ് വിളിച്ചിരുന്നതെങ്കിൽ, ലോകത്തിന്റെ സ്രഷ്ടാവ് എന്നാണ് ഇന്ന് ഭാരതത്തെ വിശേഷിപ്പിക്കുന്നതെന്നും എസ് ജയശങ്കർ വ്യക്തമാക്കി. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) 96-ാമത് വാർഷിക പൊതുയോഗത്തിൽ സംസാരിക്കവെയാണ് ഇന്ത്യയുടെ മുന്നേറ്റം വിദേശകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചത്.
“സ്വദേശത്തും വിദേശത്തും നമ്മൾ ഒരുപാട് വെല്ലുവിളി നേരിട്ടു. സത്യം പറഞ്ഞാൽ, അന്യായമായ മത്സരങ്ങൾ നേരിട്ടു. വിവരങ്ങൾ എങ്ങനെ ലഭിക്കും?, എങ്ങനെ ധാരണ ഉണ്ടാക്കാം?, നയങ്ങൾ എങ്ങനെ ഉറപ്പാക്കാം?, എങ്ങനെ ചെയ്യണം? നമ്മുടെ പ്രതിരോധം എങ്ങനെ കെട്ടിപ്പടുക്കും?അന്യമായ മത്സരത്തിനെതിരെ നമ്മൾ എങ്ങനെ നടപടിയെടുക്കും എന്നിങ്ങനെ വലിയ കുറേ ചോദ്യങ്ങൾ ഞങ്ങൾക്ക് മുന്നിൽ ഉണ്ടായിരുന്നു. കാരണം, ഒരു ആഗോളവൽക്കരണ യുഗമുണ്ടെന്ന പേരിൽ നമ്മുടെ രാജ്യം വളരെക്കാലമായി അന്യായമായ മത്സരം സഹിക്കുകയായിരുന്നു. നമുക്ക് അതിനൊപ്പം ജീവിക്കേണ്ടതില്ല. മത്സരം അന്യായമാണെങ്കിൽ, അത് വിളിച്ചുപറയാനുള്ള കഴിവ് നമുക്ക് ഉണ്ടായിരിക്കണം. ഇന്ന് നമ്മൾ ലക്ഷ്യ ബോധത്തോടെയാണ് മുന്നേറുന്നത്. വരുന്ന 25 വർഷം കൊണ്ട് എങ്ങനെയായി മാറണം എന്നുള്ള ലക്ഷ്യം ഇന്ന് ഈ രാജ്യത്തിനുണ്ട്. ലോകത്തിന് മുന്നിൽ ഇന്ത്യ വളരുകയാണ്”.
“15 വർഷം മുമ്പ് ഇന്ത്യയെ ലോകത്തിന്റെ ‘ബാക്ക് ഓഫീസ്’ എന്നായിരുന്നു വിളിച്ചിരുന്നുത്. എന്നാൽ ഇന്ന് അങ്ങനെയല്ല. ഇന്ന് ഇന്ത്യയെ ‘ലോകത്തിന്റെ ഫാർമസി, ലോകത്തിന്റെ ഡിസൈനർ, ലോകത്തിന്റെ സ്രഷ്ടാവ്’ എന്നിങ്ങനെ വിശേഷിപ്പിക്കുന്നത്. നമ്മുടെ നേട്ടങ്ങളെക്കുറിച്ച് പറയുമ്പോൾ, അത് യഥാർത്ഥവും സമകാലികവും ലോകമെമ്പാടും സ്വാധീനിക്കുന്നതുമാണ്. വാക്സിൻ, 5G സ്റ്റാക്ക്, യുപിഐ പേയ്‌മെന്റുകൾ, തേജസ് തുടങ്ങിയ എല്ലാ വിഷയങ്ങളും ശ്രദ്ധിക്കൂ. ലോകത്ത് മുന്നിൽ ഇന്ത്യയുടെ സ്ഥാനം എന്താണെന്ന് വ്യക്തമാകും. രാജ്യം അടുത്ത 25 വർഷത്തേക്ക് കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്. പാരമ്പര്യത്തെയും സാങ്കേതികവിദ്യയെയും നമുക്ക് ഒരുമിച്ച് കൊണ്ടുപോകണം”- ജയശങ്കർ പറഞ്ഞു.















