ടി20 ലോകകപ്പിനുള്ള ഒരുക്കത്തിന് തുടക്കമിട്ട് കുട്ടിക്രിക്കറ്റിലെ രാജാക്കന്മാർ. ഇംഗ്ലണ്ടിനെ നേരിടുന്ന സ്ക്വാഡിലേക്ക് വമ്പനടിക്കാരൻ റസലിനെയും ഉൾപ്പെടുത്തി. രണ്ടുവർഷത്തിന് ശേഷമാണ് റസൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്തുന്നത്. 2021 ടി20 ലോകകപ്പിലാണ് റസൽ വിൻഡീസിനായി കളത്തിലിറങ്ങിയത്. ഫ്രാഞ്ചൈസി ലീഗുകൾക്കായിരുന്നു താരം മുൻഗണന നൽകിയിരുന്നത്. അബുദാബി ടി10ൽ ഡെക്കാർ ഗ്ലാഡിയേറ്റേഴ്സിന്റെ താരമായിരുന്നു റസൽ.
അതേസമയം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി വിൻഡീസ് ഫോം വീണ്ടെടുത്തിരുന്നു. തുറുപ്പ് ചീട്ടായ മാത്യു ഫോർഡ് എന്ന ഔൾറൗണ്ടറെയും ടി20 സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റുഥർഫോർഡ്, നിക്കോളാസ് പൂരൻ, ജേസൺ ഹോൾഡർ എന്നിവരും തിരികെയെത്തി.ടി20 ലോകകപ്പിന് യു.എസ്.എയ്‌ക്കൊപ്പം വിൻഡീസും വേദിയാകുന്നുണ്ട്.
ജൂൺ – ജൂലൈ മാസത്തിലാണ് കുട്ടി ക്രിക്കറ്റിന്റെ മാമാങ്കം. റോവ്മാൻ പവലാണ് ടി20 നായകൻ ഷായ് ഹോപ്പ് വൈസ് ക്യാപ്റ്റനും.
മൂന്നാം കിരീടമാണ് വിൻഡീസ് ലക്ഷ്യമിടുന്നത്. ഇതിനൊപ്പം ഏകദിന ലോകകപ്പിന് പങ്കെടുക്കാൻ ആയില്ലെന്ന ക്ഷീണവും ആരാധകരുടെ പ്രിയപ്പെട്ട ടീമിന് മാറ്റണം.
സ്ക്വാഡ്; റോവ്മാൻ പവൽ (ക്യാപ്റ്റൻ) റോസ്റ്റൺ ചേസ്, മാത്യു ഫോർഡ്, ഷിംറോൺ ഹെറ്റ്മെയർ, ജേസൺ ഹോൾഡർ, അക്കീൽ ഹൊസൈൻ, അൽസാരി ജോസഫ്, ബ്രാൻഡൻ കിംഗ്, കെയ്ൽ മേയർസ്, ഗുഡകേഷ് മോട്ടി, നിക്കോളാസ് പൂരൻ, ആന്ദ്രെ റസ്സൽ, ഷെർഫെയ്ൻ റുഥർഫോർഡ്, റൊമാരിയോ ഷെപ്പേർഡ്